Connect with us

Articles

മീനാകുമാരി റിപ്പോര്‍ട്ടും കേരളത്തിന്റെ മത്സ്യമേഖലയും

Published

|

Last Updated

മത്സ്യ ബന്ധനവും അനുബന്ധ തൊഴിലുകളും കടുത്ത പ്രതിസന്ധിയിലാണിന്ന്. വര്‍ഷം തോറും സമുദ്രോത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് ശോഷിച്ചു വരുന്നു. പലരും ഈ മേഖല വിട്ട് മറ്റു തൊഴില്‍ സംരംഭങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. 1994നു ശേഷം സമുദ്രോത്പന്നങ്ങളുടെ ലഭ്യതയില്‍ സാരമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഗാട്ട് കരാറിന്റെ പിന്‍ബലത്തില്‍ വിദേശ രാഷ്ട്രങ്ങള്‍ നമ്മുടെ സമുദ്രത്തില്‍ നിന്ന് മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യങ്ങളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിനു പ്രധാന കാരണം. വിദേശ ശക്തികള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതന സമ്പ്രദായത്തിലൂടെ മീന്‍ പിടിക്കുമ്പോള്‍ ഇനിയും പരിഷ്‌കരിക്കാത്ത പഴഞ്ചന്‍ സംവിധാനങ്ങളുമായി നമ്മുടെ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിത്തത്തിലേര്‍പ്പെടുന്നതിനാല്‍ പലപ്പോഴും നിരാശയോടെ കരയിലേക്ക് മടങ്ങിയെത്തേണ്ടി വരുന്നു. വിദേശികള്‍ മത്സ്യബന്ധനം നടത്തുന്നതു കൊണ്ട് നമ്മുടെ രാജ്യത്തിന് ഒരു പ്രയോജനവുമില്ല. സത്യത്തില്‍ നമ്മുടെ സമുദ്രോത്പന്നങ്ങള്‍ അവര്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. അവര്‍ പിടിച്ചെടുത്തെന്ന് നമ്മോട് പറയുന്ന കണക്കിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. യഥാര്‍ഥ കണക്കുകള്‍ അവര്‍ മറച്ചുവെക്കുന്നു.
ആഴക്കടല്‍ മത്സ്യബന്ധനം വിദേശ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തിനു മുന്നിലെ പുതിയ ചോദ്യചിഹ്നമാണ്. ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന മേഖലയുടെ ദുരന്തം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ഈ റിപ്പോര്‍ട്ട്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രങ്ങളിലെ മത്സ്യ സമ്പത്ത് യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് ഇതിലെ പല നിര്‍ദേശങ്ങളും. സമുദ്ര വിഭവങ്ങളുടെ അനിയന്ത്രിത ഉപഭോഗവും കച്ചവടവത്കരണവും സമുദ്രങ്ങളിലെ ജൈവ വൈവിധ്യത്തിനും മനുഷ്യനിലനില്‍പ്പിനു തന്നെയും ഭീഷണിയാണ്. മത്സ്യഗ്രാമങ്ങളും സമുദ്രതീര സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടു മാത്രമേ സമുദ്രങ്ങളുടെ സംരക്ഷണം സാധ്യമാകൂ. മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതും സമുദ്രതീര സംസ്‌കാരം ഇല്ലാതാക്കുന്നതും ആശങ്കയുളവാക്കുന്നതാണ്.
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനേ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വഴിയൊരുക്കൂ. നേരത്തെ നൂറ് നോട്ടിക്കല്‍ മൈലിനപ്പുറത്തേ വിദേശ കപ്പലുകള്‍ക്ക് മത്സ്യ ബന്ധനാനുമതി നല്‍കിയിരുന്നുള്ളൂ. 1994ലെ മൂരാരി കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. എന്നാല്‍, ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടില്‍ അത് 12 നോട്ടിക്കല്‍ മൈലായി കുറച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ യന്ത്രവത്കൃത ബോട്ടുകളും വള്ളങ്ങളും മത്സ്യ ബന്ധനം നടത്തിവരുന്നത് 12നും നൂറിനും ഇടയ്ക്ക് നോട്ടിക്കല്‍ മൈലിലാണ്. ഈ മേഖലയിലേക്ക് അത്യാധുനിക സംവിധാനങ്ങളുമായി വിദേശ കപ്പലുകള്‍ കടന്നുവരുന്നതോടെ മേഖലയിലെ മത്സ്യ സമ്പത്ത് മുഴുവന്‍ അവര്‍ അടിച്ചെടുക്കും. തദ്ദേശീയ യന്ത്ര വത്കൃത ബോട്ടുകളും വള്ളങ്ങളും വെറും കൈയോടെ മടങ്ങേണ്ടതായും വരും. നമ്മുടെ ആഴക്കടല്‍ മേഖലയില്‍ കോര്‍പറേറ്റ് കപ്പലുകള്‍ ഇപ്പോള്‍ തന്നെ നിയമലംഘനം നടത്തിവരുന്നുണ്ട്. പലപ്പോഴും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണ്ണ് വെട്ടിച്ച് അവര്‍ തീര ദേശ കടലില്‍ അതിക്രമിച്ചു കയറി മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത തൊഴില്‍ മേഖലകള്‍ കൈയടക്കുകയും നമ്മുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നു. മാത്രമല്ല, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉരുക്കള്‍ക്കും വലകള്‍ക്കും അവര്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു.
ചെറുകിട മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്ന തീരക്കടലില്‍ മത്സ്യബന്ധനം പാടില്ല, മീന്‍ മുട്ടയിടുന്ന മണ്‍സൂണ്‍ കാലങ്ങളിലെ മത്സ്യ ബന്ധന നിരോധനത്തില്‍ നിന്നും വിദേശ ആഴക്കടല്‍ മത്സ്യ യാനങ്ങളെ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളിലൂടെ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് ആഴക്കടല്‍ മേഖല വിദേശികള്‍ക്ക് മലര്‍ക്കെ തുറന്നുകൊടുക്കുകയും തദ്ദേശീയര്‍ക്കുമുമ്പില്‍ കൊട്ടിയടയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്. കൂടാതെ പുതിയ മാര്‍ഗരേഖയില്‍ മത്സ്യ ബന്ധനത്തോടൊപ്പം സംസ്‌കരണ രംഗത്തും വിദേശ കപ്പലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പരിധി നിര്‍ണയിക്കുന്ന മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പുതിയ നീക്കങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നത്. ചെറുകിട മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കുന്നതിന് തീരദേശത്തു നിന്നും 50 കിലോമീറ്ററുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്ന 20 മീറ്ററില്‍ താഴെ നീളമുള്ള മത്സ്യബന്ധന കപ്പലുകളില്‍ നിരീക്ഷണ യന്ത്രം ഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 20 മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളിലാണ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യസുരക്ഷക്ക് ചെറു മത്സ്യ ബന്ധന ബോട്ടുകളുടെ നീക്കം നിരീക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്. മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച വിവിധ സുരക്ഷാപദ്ധതികളുടെ ഭാഗമായാണ് തീര ദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികളെന്നാണ് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. രാഷ്ട്ര സുരക്ഷ മുന്‍ നിര്‍ത്തിയാണ് യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നതെങ്കിലും അത് മത്സ്യ തൊഴിലാളികളുടെ തൊഴിലിന് തടസ്സമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സമുദ്ര തീരം വിദേശ മത്സ്യ കപ്പലുകള്‍ക്ക് തുറന്നു കൊടുത്തതിനു പിന്നാലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നു. കേന്ദ്ര മൃഗ പരിപാലന ക്ഷീര മത്സ്യവകുപ്പ് ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളമുള്‍പ്പെടെയുള്ള പശ്ചിമേന്ത്യന്‍ തീര സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ 61 ദിവസത്തേക്ക് യന്ത്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യബന്ധന യാനങ്ങളും നിരോധിക്കാനാണ് ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള 47 ദിവസത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം 61 ദിവസമാക്കുക, ഈ സമയത്ത് നിരോധം ബാധകമായിരിക്കുന്ന പേഴ്‌സ് സീന്‍ ബോട്ടുകളോടൊപ്പം റിംഗ് വലകളും നിരോധിക്കുക എന്നീ ശിപാര്‍ശകളും കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്. 12 നോട്ടിക്കല്‍ മൈലിനുപുറത്ത് വിദേശ മത്സ്യ കപ്പലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ഇവയ്ക്ക് പെലാജിക്ക് ട്രോളിംഗിനും, ട്യൂണപെഴ്‌സ് സീനിംഗിനും അനുവാദം നല്‍കുകയും മണ്‍സൂണ്‍ കാല മത്സ്യ ബന്ധന നിരോധനത്തില്‍ നിന്നും ഇവരെ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് ഒഴിവാക്കുകയും ചെയ്തിരിക്കുമ്പോഴാണ് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കു മേല്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കേരള തീരത്തേക്ക് വരുന്ന മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ മണ്‍സൂണിനു മുമ്പു തന്നെ ഈ കപ്പല്‍ സമൂഹം പിടിച്ചടക്കും. തീരക്കടലില്‍ ചൂട് കൂടുതലായതിനാല്‍ കാല വര്‍ഷത്തിന് മുമ്പ് ഈ മത്സ്യങ്ങള്‍ 50 മീറ്റര്‍ ആഴത്തിനുമപ്പുറമുള്ള പുറം കടലിലാണ് കഴിയുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ തീരക്കടല്‍ തണുക്കുകയും നദികളിലൂടെ ഒഴുകി വരുന്ന ജൈവ അവശിഷ്ടങ്ങളിലൂടെ മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം രൂപപ്പെടുകയും ചെയ്യും. ഉപരിതല മത്സ്യ പറ്റങ്ങള്‍ മഴ മേഘങ്ങളോടൊപ്പം തീരത്തെത്തും. കേരളത്തിലെ പരമ്പരാഗത യന്ത്രവത്കൃത മത്സ്യത്തൊഴിലാളി സമൂഹം മണ്‍സൂണ്‍ കാല മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജൂണ്‍ ആദ്യം കേരള തീരത്തെത്തുന്ന ഈ ഉപരിതല മത്സ്യപ്പറ്റങ്ങള്‍ ജൂലൈ അവസാനത്തോടെ വടക്കോട്ട് സഞ്ചരിച്ച് മഹാരാഷ്ട്ര വരെ എത്തിച്ചേരും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവയെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികളെ തടയുക വഴി അവരുടെ ഉപജീവനമാണ് വഴി മുട്ടുന്നത്.
മത്സ്യബന്ധനം ഒരു പ്രത്യേക കാലയളവില്‍ മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു തൊഴിലാണ്. കടല്‍ പ്രക്ഷുബ്ധമാകുന്ന സമയം മീന്‍ പിടിത്തത്തിന് തീരേ അനുയോജ്യമല്ല. പ്രധാനമായും ഇക്കാലത്താണ് മത്സ്യത്തൊഴിലാളികളെ വന്‍ തോതില്‍ കാണാതാകുന്നതും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഈ രംഗത്ത് സംഭവിക്കുന്നതും. കടല്‍ ക്ഷോഭ സമയത്ത് നമ്മുടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അന്തിയുറങ്ങുന്ന കൂരവിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്ന കാഴ്ച എത്ര ദയനീയമാണ്!. ചേരി പ്രദേശത്ത് താമസിക്കുന്ന ഇവരെ ദാരിദ്ര്യത്തിനു പുറമെ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു.
പഞ്ഞ മാസങ്ങളില്‍ തൊഴില്‍ രഹിതരായി കഴിയുന്ന മത്സ്യ ത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 1300 രൂപ നല്‍കിവരുന്നു. കൂടാതെ തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മത്സ്യ തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയും നടപ്പാക്കി വരുന്നു. തൊഴിലാളിയില്‍ നിന്ന് പ്രതിമാസം 100 രൂപ വീതം എട്ട് ഗഡുക്കളായി പിരിച്ചെടുത്ത് ഇതിലേക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വിഹിതവും കൂടി ചേര്‍ത്ത് തൊഴിലാളിക്ക് നല്‍കുന്നു.
എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുമായി കഴിഞ്ഞുകൂടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ദുരിതത്തിലാഴ്ത്തും. ഗാന്ധിജി പറഞ്ഞു: ‘”നിങ്ങള്‍ ഒരു സുപ്രധാന തീരുമാനമെടുക്കുകയാണെങ്കില്‍ നാട്ടിലെ പാവപ്പെട്ടവന്റെ ചിത്രം മനസ്സില്‍ വെക്കുക.” എന്നാല്‍ ഇന്ന് സമ്പന്നരുടെയും കുത്തകകളുടെയും താത്പര്യങ്ങളാണ് എവിടെയും സംരക്ഷിക്കപ്പെടുന്നത്. ഗ്രാമ പഞ്ചായത്തില്‍ കടല്‍ക്കരയില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവിലും കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലും 200 മീറ്റര്‍ ചുറ്റളവിലും നിലവിലെ തീരദേശനിയമ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഓല ഷെഡ്ഡുകള്‍ക്കല്ലാതെ നമ്പര്‍ നല്‍കുന്നില്ല. ഓല ഷെഡ്ഡിനുതന്നെ താത്കാലിക നമ്പറാണ് നല്‍കിവരുന്നത്. 200 മീറ്ററിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതോപാധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനമാകാമെന്ന് തീരദേശ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പലപ്പോഴും അത് ഇവിടെ പ്രാവര്‍ത്തികമാകാറില്ല.
പരമ്പരാഗത മത്സ്യത്തൊഴിളിലാളികളില്‍ തീരദേശത്ത് യന്ത്രവത്കൃത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മണ്ണെണ്ണ സബ്‌സിഡിയും ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ക്ക് സബ്‌സിഡിയും നല്‍കിയിരുന്നു. എന്നാല്‍ ക്രമേണ ഈ സബ്‌സിഡികളെല്ലാം എടുത്തു കളയുന്ന വിധത്തില്‍ എന്‍ജിനുകള്‍ക്ക് ക്രമാതീതമായി വില വര്‍ധിപ്പിക്കുകയും മണ്ണെണ്ണക്കും പെട്രോളിനും ഓയിലിനും വിലവര്‍ധിപ്പിച്ച് തൊഴിലാളികളുടെ മനോവീര്യം കെടുത്തിക്കൊണ്ടിരിക്കുകയുമാണ്.
580 കി.മീ സമുദ്രതീരമാണ് കേരളത്തിനുള്ളത്. ഇന്ത്യയിലെ മൊത്തം മത്സ്യോത്പാദനത്തിന്റെ 20 ശതമാനം കേരളത്തില്‍ നിന്നാണ്. 2006-2007 ല്‍ കേരളത്തില്‍ നിന്നുള്ള സമുദ്ര മത്സ്യോത്പാദനം 5.61 ലക്ഷം ടണ്ണും ഉള്‍നാടന്‍ മേഖലയില്‍ നിന്നുള്ളത് 0.79 ലക്ഷം ടണ്ണുമായിരുന്നു. കേരളത്തിലെ മത്സ്യോത്പാദനത്തിന്റെ 12.24 ശതമാനമാണ് ഉള്‍നാടന്‍ മേഖലയില്‍ നിന്നുള്ളത്. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനമനുസരിച്ച് രാജ്യത്തെ വാര്‍ഷിക മത്സ്യ ലഭ്യതയില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണുള്ളത്. 6.71 ലക്ഷം ടണ്‍ മത്സ്യം കേരള തീരത്തു നിന്നു ലഭിച്ചു. 2013ല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3.78 ദശ ലക്ഷം ടണ്‍ മത്സ്യമാണ് ലഭിച്ചത്.
സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള മത്സ്യങ്ങള്‍ വിദേശ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയാണ് ചെയ്യുന്നത്. നമ്മുടെ ചെമ്മീനും കൂന്തളും മുന്തിയ തരം മത്സ്യങ്ങളും അമേരിക്കന്‍ ഐക്യ നാടുകളിലേക്കും മറ്റും കയറ്റി അയക്കപ്പെടുന്നു. ഇത് നമുക്ക് നല്ലൊരു പങ്ക് വിദേശ നാണ്യം നേടിത്തരുന്നു. കേരളത്തില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിലെ മുഖ്യ ഇനം ചെമ്മീനാണ്. 1953നു ശേഷമാണ് ആധുനിക മത്സ്യ സംസ്‌കരണ രീതികളില്‍ ചെമ്മീന്‍ സംസ്‌കരിച്ച് കയറ്റി അയക്കാന്‍ തുടങ്ങിയത്.
ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ വിജയകുമാരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നേരത്തെ നടത്തിയ പഠനത്തില്‍ ആഴക്കടല്‍ മത്സ്യ ബന്ധനം അനുവദിക്കരുതെന്നും പുതിയ മത്സ്യ സമ്പത്ത് ചൂഷണം ചെയ്യാന്‍ നിലവിലുള്ള ബോട്ടുകള്‍ പര്യാപ്തമാണെന്നും പുതിയവ ആവശ്യമില്ലെന്നും കണ്ടെത്തിയിരുന്നു. ഈ നിര്‍ദേശം തള്ളിക്കൊണ്ടാണ് ഡോ. മീനാകുമാരി കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന്റെ വിദേശ കുത്തകകളോടുള്ള ഉദാര സമീപനത്തിന് അനുയോജ്യമായ രീതിയില്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
15 ലക്ഷം പേര്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്നു. എല്ലാവരുമായും കൂടിയാലോചിച്ചും സമവായം ഉണ്ടാക്കിയും മാത്രമേ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയുള്ളൂവെന്നും വിഷയം കൂടിയാലോചിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നയം കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍ രംഗത്തും കനത്ത ആഘാതമായിരിക്കും വരുത്തി വെക്കുക. സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തെ തകിടം മറിക്കുന്ന, മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനെ പിന്തിരിപ്പിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest