Connect with us

Gulf

ഗിന്നസ് റെക്കോര്‍ഡ്: സുധീര്‍ 50 മണിക്കൂര്‍ പിന്നിട്ടു

Published

|

Last Updated

അബുദാബി: സുധീറിന്റെ ഗാനാലാപന യജ്ഞം ഇന്നലെ അര്‍ധരാത്രിയോടെ 50 മണിക്കൂര്‍ പിന്നിട്ടു. 110 മണിക്കൂര്‍ തുടര്‍ച്ചയായി ഗാനാലാപനം നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനുള്ള എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകര സ്വദേശി വി എന്‍ സുധീറിന്റെ സംഗീത യജ്ഞമാണ് അമ്പത് മണിക്കൂര്‍ പിന്നിട്ടത്. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ തിങ്കളാഴ്ച രാത്രി ഒമ്പതു മുതലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമാക്കി സുധീര്‍ പാടിത്തുടങ്ങിയത്. തിരഞ്ഞെടുത്ത 1,500 ചലച്ചിത്ര ഗാനങ്ങളാണ് ആലപിക്കുക. ഇതിനകം 380ലധികം പാട്ടുകള്‍ പാടിക്കഴിഞ്ഞു. നാലര ദിവസത്തിലധികം നീളുന്ന തുടര്‍ച്ചയായ ഗാനാലാപന യജ്ഞത്തില്‍ യേശുദാസ് ആലപിച്ച പാട്ടുകളാണ് ആലപിക്കുന്നതില്‍ 90 ശതമാനവും. മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങളാണിവ.
നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെയുടെ 105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ചയായ ഗാനാലാപനത്തിനിടയില്‍ വളരെ പരിമിതമായി മാത്രമാണ് വിശ്രമത്തിനു സമയം കണ്ടെത്തുന്നത്. തുടര്‍ച്ചയായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും സൂധീറിനൊപ്പം നാട്ടില്‍ നിന്നെത്തിയ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ കെ. കെ. അബ്ദുല്ല അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പെടെ ഒട്ടേറെപ്പേര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് യജ്ഞം കാണാനും സുധീറിനെ പ്രോല്‍സാഹിപ്പിക്കാനും എത്തുന്നുണ്ട്. 24 മണിക്കൂര്‍ ഗാനാലാപനം പിന്നിട്ടപ്പോള്‍ പരിപാടി സുഗമമായി തുടരാനും പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന ആത്മവിശ്വാസവും സുധീര്‍ പ്രകടിപ്പിച്ചു. ജന്മസ്ഥലമായ പറവൂരില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായിപാടിയ മികവ് സാക്ഷ്യപ്പെടുത്തി ഗിന്നസ് സര്‍ട്ടിഫിക്കറ്റു ലഭിച്ചിരുന്നു. ദാരിദ്രം മൂലം എട്ടാം കഌസ് വരെ മാത്രം പഠിക്കാനായ സുധീര്‍ ചെറുപ്പത്തിലെതന്നെ സംഗീതം ജീവിതലക്ഷ്യമായി ഗാനമേള ട്രൂപ്പ് തുടങ്ങി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡെന്ന ചിരകാലസ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അബുദാബിയില്‍ അവസരം ലഭിച്ചതിലും സുധീര്‍ തൃപ്തനാണ്.

Latest