Connect with us

Gulf

മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

Published

|

Last Updated

അബൂദബി: മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങുന്ന പ്രവണതക്കെതിരെ മുന്നറിയിപ്പുമായി ഫെഡറല്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനാര്‍ക്കോട്ടിക്‌സ്. കൃത്രിമ മയക്കുമരുന്നുകള്‍ ചേര്‍ത്തുള്ളതാകാം ഇത്തരം മരുന്നുകളെന്നും ഇവ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും പല മരുന്നുകളുടെയും ഉപയോഗം രാജ്യത്ത് നിയമവിരുദ്ധമാണെന്നും നാര്‍ക്കോട്ടിക്‌സ് വിഭാഗം ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. കൃത്രിമ മരുന്നുകളും മാനസികനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങളും എന്ന വിഷയത്തില്‍ അബുദാബിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് യു എ ഇയില്‍ ഉണ്ടായ കുറ്റകൃത്യങ്ങളില്‍ പകുതിയിലും മനോനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ്. ഇത്തരം മരുന്നുകളുടെ ഉത്പാദകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവ പുതിയ വഴികളിലൂടെ രാജ്യത്ത് എത്തുന്നുണ്ട്. നിയമത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഇത്തരം മരുന്നുകളുടെ കൂട്ടുകള്‍ പതിവായി മാറ്റികൊണ്ടിരിക്കുന്നതായും സമ്മേളനത്തില്‍ വിദഗ്ധര്‍ ചൂണ്ടികാട്ടി. മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങുന്നവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പരിശോധിച്ച ശേഷമേ ചെയ്യാവൂ. കൃത്രിമ മരുന്നുകളുടെ ഉപയോഗം യു എ ഇയില്‍ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുവരുകയാണ്.
നിയമവിരുദ്ധമായ ഓണ്‍ലൈന്‍ മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാന്‍ പ്രത്യേക സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Latest