Connect with us

Gulf

മേഖലയിലെ ആദ്യ ആളില്ലാ സ്വകാര്യ ബോട്ട് പൂര്‍ത്തിയായി

Published

|

Last Updated

ഷാര്‍ജ;ജി സി സി മേഖലയിലെ ആദ്യ ആളില്ലാ സ്വകാര്യ ബോട്ട് പൂര്‍ത്തിയായതായി നിര്‍മാതാക്കള്‍ വ്യക്തമാക്കി. അധികം വൈകാതെ ഇതിന്റെ ഉദ്ഘാടനം നടക്കും. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇത്തരം ഒരു ബോട്ട് നിര്‍മിച്ചിരിക്കുന്നത്. സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണിത്. ഏഴു മീറ്റര്‍ നീളമുള്ള ബി-7 എന്ന ഈ ബോട്ട് സര്‍ഫസ് വെസല്‍ വിഭാഗത്തിലുള്ളതാണ്. സമുദ്ര തീരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സൈനിക സുരക്ഷക്കായുമെല്ലാം ഇത് ഉപയോഗപ്പെടുത്താനാവും. അബുദാബിയില്‍ അടുത്ത ആഴ്ച നടക്കുന്ന ഇന്റര്‍നാഷനല്‍ ഡിഫന്‍സ് എക്‌സ്ബിഷനി(ഐഡെക്‌സ്)ലാവും ഇത് പൊതുജനങ്ങളുടെ കാഴ്ചയിലേക്ക് എത്തുക. നിരവധി സെന്‍സറുകളുണ്ടെന്നതാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവയുടെ സഹായത്താലാണ് ബോട്ട് അപകടങ്ങളെയും മറ്റും അതിജീവിക്കുക.
കടലിന്റെ അടിത്തട്ടിലുള്ള വസ്തുക്കളെക്കുറിച്ച് സര്‍വേ നടത്താന്‍ ലക്ഷ്യമിട്ടാണ് ബോട്ടിന് ആദ്യം രൂപം നല്‍കിയതെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ അല്‍ മറാക്കബ് ബോട്ട് മാനുഫാക്ചറിംഗ് കമ്പനിയുടെ സ്ഥാപകനായ ബാസല്‍ ഷുഹൈബര്‍ വ്യക്തമാക്കി. ആദ്യം നിര്‍മിച്ച രൂപകല്‍പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സൈനികാവശ്യങ്ങള്‍ക്ക് കൂടി ഉപയുക്തമാക്കാന്‍ പറ്റുന്നതാക്കിയത്. മണിക്കൂറില്‍ പരമാവധി 40 നോട്ടിക്കള്‍ മൈല്‍(74 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കാന്‍ കൂടി കഴിയുന്ന രീതിയിലാണ് നിര്‍മിതി. വിദൂര നിയന്ത്രിതമായ ഈ ബോട്ടിനെ എവിടെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി കണ്‍ട്രോള്‍ സ്‌റ്റേഷനുമായുള്ള ബന്ധത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം. രണ്ടു മീറ്റര്‍ ഉയരത്തില്‍ വരെ പൊങ്ങുന്ന തിരമാലകള്‍ക്കിടയിലും ബി 7 സുഗമമായി സഞ്ചരിക്കും.
അത്യാധുനിക ജിയോലോക്കിംഗ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇടത്തോട്ടും വലത്തോട്ടുമെല്ലാം ആവശ്യാനുസരണം മറിക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ കരയില്‍ നിന്നു ബോട്ടിലെ ക്യാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കഴിയും.
ഇതിനനുസരിച്ച് ക്യാമറയുടെ ഫോക്കസിംഗ് സംവിധാനവും ക്രമപ്പെടുത്താവുന്ന വിധത്തിലാണ് ഇത് നിര്‍വഹിച്ചിരിക്കുന്നത്. തങ്ങളുടേത് ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തദ്ദേശീയ കമ്പനിയാണെന്നും പരിമിതികളില്‍ നിന്നുകൊണ്ട് ഇത്രയും മികച്ച ബോട്ട് രൂപകല്‍പന ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബോട്ടുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും രാജ്യത്ത് തന്നെയാണ് നടത്തിയത്. ബോട്ടിനായി നിരവധി പേര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആളില്ലാത്ത ഇത്തരം യാനങ്ങള്‍ക്ക് യു എ ഇ കമ്പോളത്തില്‍ ആവശ്യക്കാര്‍ കൂടുതലാണ്. 2020 ആവുമ്പോഴേക്കും 1,100 കോടി ഡോളറിന്റെതായി ആഗോള തലത്തില്‍ ആളില്ലാ യാനവ്യവസായം മാറുമെന്നും ബാസല്‍ ഷുഹൈബര്‍ പറഞ്ഞു.

Latest