Connect with us

Gulf

വ്യോമ സുരക്ഷ ഉറപ്പാക്കുന്നതില്‍ യു എ ഇ ക്ക് രാജ്യാന്തര അംഗീകാരം

Published

|

Last Updated

ദുബൈ: രാജ്യന്തര വ്യോമ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം. രാജ്യാന്തര തലത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ സുരക്ഷാ ഗുണനിലവാരവും പരിപൂര്‍ണമായി പാലിച്ചാണ് രാജ്യം അഭിമാനകരമായ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷ(ഐ സി എ ഒ)ന്റെ യൂണിവേഴ്‌സല്‍ സെയ്ഫ്റ്റി ഓവര്‍സൈറ്റ് ഓഡിറ്റ് പ്രോഗ്രാമില്‍ 98.86 ശതമാനം സുരക്ഷ ഉറപ്പാക്കിയാണ് യു എ ഇ ഒന്നാമതെത്തിയത്.
ഐ സി എ ഒയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സുരക്ഷാ പരിപാലന ശതമാനമാണിത്. ഇത്തരത്തില്‍ അഭിമാനകരമായ ഒരു നേട്ടത്തിന് അര്‍ഹമായതില്‍ സന്തോഷമുണ്ടെന്നും റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കി. ദീര്‍ഘകാലത്തെ കഠിന പ്രയത്‌നമാണ് ഇത്തരം ഒരു നേട്ടത്തിലേക്ക് എത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സിവില്‍ എവിയേഷന്‍ വിഭാഗത്തിന്റെ മഹത്തായ നേട്ടമാണിതെന്ന് അബുദാബി ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ അല്‍ നഹ്‌യാനും പ്രതികരിച്ചു. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്. രാജ്യം എല്ലാ അര്‍ഥത്തിലും ഇത് അര്‍ഹിക്കുന്നു. രാജ്യത്തെ ജനത ഇതിലും വലിയ അംഗീകാരങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തമാണെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. സാമ്പത്തിക കാര്യ മന്ത്രിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയും റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തു. അതോറിറ്റിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നേട്ടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു