സുനന്ദയുടെ മരണം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

Posted on: February 19, 2015 1:24 pm | Last updated: February 19, 2015 at 11:16 pm

manish tiwari

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയെ ചോദ്യം ചെയ്തു. ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വാക്കു തര്‍ക്കത്തിന് സാക്ഷിയായിരുന്നതിനാലാണ് തിവാരിയെ ചോദ്യം ചെയ്തത്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂരിനുള്ള ബന്ധത്തെ ചൊല്ലിയാണ് സുനന്ദയും തരൂരും വാക്ക് തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും വിമാനത്തിലും വിമാനത്താവളത്തിലുമുള്ള തര്‍ക്കത്തിന് സാക്ഷിയായിരുന്നു മനീഷ് തിവാരി. സുനന്ദയുടെ മരണത്തിന് നാല് ദിവസം മുമ്പ് കേരളത്തില്‍ നിന്ന് മടങ്ങവേയായിരുന്നു തര്‍ക്കം.
ഇരുവരും വഴക്കിട്ടിരുന്നെന്നും സുനന്ദ കരഞ്ഞതായും മനീഷ് തിവാരി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചേക്കും.