വി എസിന്റെ കുറിപ്പ് ചര്‍ച്ച ചെയ്യില്ലെന്ന് കേന്ദ്ര നേതൃത്വം

Posted on: February 19, 2015 10:30 am | Last updated: February 19, 2015 at 11:15 pm

vs achuthanandanകൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സിപിഐഎം സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പ് പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പി ബി കമീഷനായിരിക്കും കുറിപ്പ് പരിശോധിക്കുക. കത്ത് താന്‍ കണ്ടിട്ടില്ല. പ്രകാശ് കാരാട്ടിന് ഒരു കത്ത് ലഭിച്ചിട്ടുണ്ട്. കത്ത് അയച്ചത് വി എസ് ആണെങ്കില്‍ കേന്ദ്ര കമ്മിറ്റി പരിശോധിക്കും. കത്ത് എങ്ങനെ ചോര്‍ന്നു എന്ന കാര്യം പരിശോധിക്കുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.അതേസമയം വി എസിന്റെ കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കുറിപ്പ് മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചെന്ന് വിശദമായി പരിശോധിക്കുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശങ്ങളുമായി വി എസ് കത്ത് അയച്ചത് ഇന്നലെയാണ് പുറത്തായത്. പ്രകാശ് കാരാട്ട് ഇക്കാര്യത്തില്‍ പ്രതികരിക്കാനും തയ്യാറായിരുന്നില്ല. എന്നാല്‍  കത്തയച്ചെന്ന വാര്‍ത്ത വി എസ് നിഷേധിച്ചില്ല.

സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിലെ 32 പേജുകളില്‍ വി എസിനെതിരായ പരാമര്‍ശങ്ങളാണുള്ളത്. തനിക്കെതിരെ ഏകപക്ഷീയ ചര്‍ച്ചകള്‍ നടക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് വി എസ് നടത്തിയ നീക്കമായാണ് വിയോജനകുറിപ്പിനെ വിലയിരുത്തുന്നത്. പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് സമ്മേളന റിപ്പോര്‍ട്ടില്‍ വി എസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വന്നപ്പോള്‍ തന്നെ വി എസ് ഇതിനെ എതിര്‍ത്തിരുന്നു. ഇത് മുഖവിലക്കെടുക്കാതെ വന്നതോടെയാണ് വിയോജന കുറിപ്പുമായി വി എസ് രംഗത്ത് വന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസാണ് മുമ്പ് വി എസ് പിണറായിക്കെതിരെ ആയുധമാക്കിയിരുന്നതെങ്കില്‍ ഇത്തവണ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് മുന്‍നിര്‍ത്തിയാണ് പിണറായിക്കെതിരെയുള്ള വി എസിന്റെ കടന്നാക്രമണം. ഘടകകക്ഷികളെ അവഗണിച്ച് പുറത്താക്കിയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ലഭിച്ച സാഹചര്യം ഇല്ലാതാക്കിയതും വര്‍ഗ ശത്രുക്കളുമായി ചങ്ങാത്തം കൂടിയതായും വിയോജന കുറിപ്പില്‍ വി എസ് ആരോപിക്കുന്നുണ്ട്.

ടി പി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി കുഞ്ഞനന്തനെതിരെയും ട്രൗസര്‍ മനോജിനെതിരെയും നടപടിയെടുക്കാത്തത് അവര്‍ സത്യം പുറത്ത് പറയുമെന്ന ഭീതി കൊണ്ടാണെന്ന പരോക്ഷ സൂചന പോലും വിയോജന കുറിപ്പിലൂടെ വി എസ് നല്‍കുന്നു. പാര്‍ട്ടി പ്രതിരോധത്തിലാകുന്നതിന് തന്നെ പഴിചാരുന്നത് വസ്തുതകളില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്ന വാദമാണ് വി എസ് ഉയര്‍ത്തുന്നത്.