Connect with us

Malappuram

വാളക്കുളവും എടരിക്കോടും എം എ ഉസ്താദിന്റെ പാദ പതിഞ്ഞമണ്ണ്

Published

|

Last Updated

കോട്ടക്കല്‍: എം എ ഉസ്താദ് ഓര്‍മയിലേക്ക് നീങ്ങുമ്പോള്‍ വാളക്കുളത്തിനും എടരിക്കോടിനും ഓര്‍ക്കാന്‍ ഒത്തിരി നിമിഷങ്ങള്‍. ജീവിതം മുഴുക്കെ സുന്നി പ്രസ്ഥാനത്തിന്റെ ഭൗതിക കേന്ദ്രത്തില്‍ ഇരിപ്പുറപ്പിച്ച പണ്ഡിത ജ്യോതിസ്സ് സമസ്തയുടെ സമുന്നത സാരഥിയായിരുന്ന മൗലാനാ അബ്ദുല്‍ബാരിയുടെ പിന്നണിയില്‍ നിന്നാണ് വാളക്കുളത്തേയും പരിസരത്തെയും ചരിത്രത്തിലിടമാക്കിയത്.
1951 മുതല്‍ തുടങ്ങുന്നതാണ് ഈ പ്രദേശങ്ങളുമായുള്ള മഹാന്റെ ചരിത്ര ബന്ധം. ആത്മീയ ജ്ഞാനത്തിന്റെ അഭാവം സമൂഹത്തിലുണ്ടാക്കുന്ന ജീര്‍ണത ദീര്‍ഘ വീക്ഷണത്തോടെ കണ്ട മഹാജ്ഞാനികളില്‍ എം എ ഉസ്താദും ഉണ്ടായിരുന്നു. ഇതിനു പരിഹാരമായി 1951 സെപ്തംമ്പര്‍ 17ന് വാളക്കുളത്ത് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പിറവി എടുക്കുമ്പോള്‍ അതിലെ ഒരംഗമായിരുന്നു ഉസ്താദ്. അന്ന് മുതല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓഫീസ് സമസ്തക്ക് എന്നും കരുത്തായിനിന്ന മൗലാനാ അബ്ദുല്‍ബാരിയുടെ പരിസരമായിരുന്നു. മൂന്ന് വര്‍ഷം ഇവിടെയാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. അക്കാലമത്രയും ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നതും എഴുത്തു കുത്തുകള്‍ നടത്തിയിരുന്നതും എം എയായിരുന്നു. ഇതിനായി സ്വദേശത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം പരപ്പനങ്ങാടിയിലെത്തുന്ന അദ്ദേഹം കാല്‍നടയായി വാളക്കുളത്തെത്തി.
പാരമ്പര്യത്തെ പുല്‍കിയിരുന്ന സമൂഹത്തില്‍ ആത്മ ജ്ഞാനത്തിന്റെയും കൂടി കരളുറപ്പിക്കാന്‍ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും നേതാക്കളും 1951 സെപ്തംബര്‍ 17ന് വാളക്കുളത്ത് സംബന്ധിച്ചു. 37 പേര്‍ പങ്കെടുത്ത ഈയോഗത്തില്‍ രൂപം കൊണ്ട കമ്മിറ്റിയിലെ ജീവിച്ചിരുന്ന അവസാന അംഗം കൂടിയാണ് എം എ ഉസ്താദ് എന്നതും ചരിത്രം. അഞ്ച് പ്രധാന തീരുമാനങ്ങള്‍ എടുത്ത യോഗത്തിലെ എഴുത്തുകാരനും എം എയിയിരുന്നു വെന്ന് ചരിത്രം കേട്ടറിഞ്ഞവര്‍ ഓര്‍ക്കുന്നു.
വാഹന സൗകര്യങ്ങള്‍ കുറഞ്ഞ കാലത്ത് വാളക്കുളം പാടം കടന്ന് ആഴ്ച്ച തോറും മൗലാനാ അബ്ദുല്‍ ബാരിയുടെ അടുത്ത് എത്തുന്ന അദ്ദേഹത്തിന്റെ പാദസ്പര്‍ശനം കൊണ്ട് ധന്യമാണ് എസ് വൈ എസ് 60-ാം വാര്‍ഷികത്തിന് വേദിയാകുന്ന എടരിക്കോട് പാടം.
വടക്കേഅറ്റമായ വാളക്കുളം പാടത്തിന്റെ തെക്കെ അറ്റമായ എടരിക്കോട് ക്ലാരി പാടത്താണ് സുന്നി ആദര്‍ശ പോരാളികള്‍ താജുല്‍ ഉലമയെ അനുസ്മരിച്ച് ഒത്ത് ചേരുന്നത്. നിയോഗം പോലെ അതിലേക്ക് എം എ ഉസ്താദും കടന്നു വരുമ്പോള്‍ ചരിത്രത്തില്‍ പോയകാലവും ആദര്‍ശ പോരാളികള്‍ക്ക് വായിച്ചെടുക്കാനാകും.
ചരിത്രത്തില്‍ ഇടം പിടിച്ച പുതുപ്പറമ്പിലെ വാളക്കുളം പള്ളിയാണ് എം എ ഉസ്താദിന്റെ കേന്ദ്രം. മൗലാനാ അബ്ദുല്‍ ബാരിയുടെ വീട്ടില്‍ വെച്ചും പള്ളിയില്‍ ഒത്തുചേര്‍ന്നും വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനങ്ങളും നയങ്ങളും ചര്‍ച്ചയാക്കും. എല്ലാം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്ന എം എക്ക് കാല്‍നട യാത്ര തന്നെയായിരുന്നു ആശ്രയം. പാടം കടന്നും എടരിക്കോട്ടെ ഊടുവഴികള്‍ താണ്ടിയും ആയാത്ര തുടര്‍ന്നു. 1954ലാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓഫീസ് വാളക്കുളത്ത് നിന്നും മാറ്റുന്നത്. പരപ്പനങ്ങാടിയിലാണ് ഇത് പിന്നീട് പ്രവര്‍ത്തിച്ചത്. ഇക്കാലങ്ങളത്രയും എം എ ഉസ്താദ് വാളക്കുളത്തെത്തി.
സമൂഹത്തിന്റെ ദിശാബോധത്തിനും വൈജ്ഞാനിക വളര്‍ച്ചക്കുമായി എം എ നടന്നു നീങ്ങിയ വഴികളെ ഇനി ചരിത്രം മാത്രം പകര്‍ത്തി വെക്കുകയില്ല. തലമുറ അതിനെ 60-ാം വാര്‍ഷിക സമ്മേളന ചരിത്രത്തിലൂടെയും പുത്തന്‍ തലമുറക്ക് പകര്‍ന്ന് കൊണ്ടേയിരിക്കും.

Latest