ഗവ. കരാറുകാരുടെ കുടിശ്ശിക തടഞ്ഞുവെച്ചത് ഗൂഢശ്രമം: പി സി ജോര്‍ജ്

Posted on: February 19, 2015 10:02 am | Last updated: February 19, 2015 at 10:02 am

കോഴിക്കോട്: ഗവ. കരാറുകാരുടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തടഞ്ഞുവെച്ചത് വികസന പ്രവര്‍ത്തനങ്ങളെ തടയിടാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢശ്രമമെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്.
വിഷയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യ മന്ത്രിയുമായും സെക്രട്ടറിയുമായും ചര്‍ച്ച നടത്തി പരിഹരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ ഇടപെടലുകള്‍ തടസമാകുകയാണെന്നും ജോര്‍ജ് പറഞ്ഞു.
കുടിശ്ശിക ബില്ലുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാനാഞ്ചിറയിലെ പി ഡബ്ല്യൂ ഡി ഉത്തരമേഖല സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യലയത്തിന് മുന്നില്‍ ആള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതീകാത്മക ആത്മഹത്യാ സമരവും മാര്‍ച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പി ഡബ്ല്യൂ ഡി ഓഫീസിന് മുന്നില്‍ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ ഹരിദാസ്, സി എച്ച് അബൂബക്കര്‍ ഹാജി, കെ എം കുര്യാക്കോസ്, അസീസ്, വിജയകുമാര്‍ സമരത്തിന് നേതൃത്വം നല്‍കി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം അക്ബര്‍ സ്വാഗതം പറഞ്ഞു.