Connect with us

Kozhikode

അപ്രൈസറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ബേങ്ക് ഭരണസമിതിയില്‍ ഭിന്നത

Published

|

Last Updated

താമരശ്ശേരി: എല്‍ ഡി എഫ് നിയന്ത്രണത്തിലുള്ള താമരശ്ശേരി സര്‍വീസ് സഹകരണ ബേങ്കില്‍ അപ്രൈസറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി പി എം, സി പി ഐ അഭിപ്രായ ഭിന്നത. പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ സി പി എം നേതാവിന്റെ മകളെ നിയമിക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്. അപ്രൈസര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആഭരണ നിര്‍മാണ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ഭാരവാഹികളും രണ്ട് സി പി എം പ്രവര്‍ത്തകരും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവരെ പരിഗണിക്കാതെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാര്‍ട്ടി നേതാവിന്റെ മകളെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്രൈസറായി നിയമിക്കാനാണ് നീക്കം നടക്കുന്നത്. നിയമന ഉത്തരവിനായി കോ ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബേങ്ക് ഭരണ സമിതി യോഗം തീരുമാനിച്ചു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെ അവഗണിക്കുന്നതായി കാണിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. സി പി എമ്മിനെ കൂടാതെ ഭരണ സമിതിയിലുള്ള വൈസ് പ്രസിഡന്റായ സി പി ഐ പ്രതിനിധിയും ജനതാദള്‍ പ്രതിനിധിയും നിയമനത്തെ അനുകൂലിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. സി പി എം നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റിയിലെ നിയമനത്തിനെതിരെയും ഒരുവിഭാഗം നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സഹകരണ ബേങ്കിലെ നിയമനത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.

Latest