തൂണേരിയില്‍ സര്‍ക്കാറിന് വീഴ്ച: ന്യൂനപക്ഷ കമ്മീഷന്‍

Posted on: February 19, 2015 9:55 am | Last updated: February 19, 2015 at 9:55 am

നാദാപുരം: തൂണേരി സംഭവത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് ന്യൂനപക്ഷ കമ്മീഷന്‍. അക്രമം നടന്ന മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെത്തിയില്ലെന്നും നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തുതില്‍ റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സമീപനം ശരിയല്ലെന്നും അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ വിലയിരുത്തി. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിലും സ്വര്‍ണവും പണവും തിരിച്ച് പിടിക്കുന്നതിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണോ എന്ന കാര്യം ആലോചിക്കും. അക്രമത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സ്വന്തം നിലയില്‍ കണക്കാക്കി ഇരകള്‍ക്ക് നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നിറവേറ്റുന്നില്ലങ്കില്‍ സര്‍ക്കാറിനോടുള്ള വിശ്വാസം നഷ്ടപ്പെടും. തൂണേരി മേഖലയിലെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഉത്ക്കണ്ഠയും ആശങ്കയും അകന്നിട്ടില്ലന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച ശേഷം 80 ഓളം പരാതികള്‍ സ്വീകരിച്ചു. റൂറല്‍ എസ് പി. പി എച്ച് അശ്‌റഫിനെയും കമ്മീഷന്‍ വിളിച്ചുവരുത്തി. പോലീസ് ഇടപെടലുകളെക്കുറിച്ചായിരുന്നു പരാതികളെറെയും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി, അംഗങ്ങളായ വി വി ജോഷി, അഡ്വ. മറിയുമ്മ എന്നിവരാണ് സ്ഥലത്തെത്തിയത്. മുസ്‌ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ തുടങ്ങിയവര്‍ കമ്മീഷന് മൊഴി നല്‍കി.