Connect with us

Kozhikode

പേരാമ്പ്രക്ക് മികച്ച ബ്ലോക്കിനുള്ള പുരസ്‌കാരം പിന്‍വലിച്ചു

Published

|

Last Updated

പേരാമ്പ്ര: സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നാമതായി തിരഞ്ഞെടുക്കപ്പെടുകയും ഈ വിവരം ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്ത ഗ്രാമവികസന വകുപ്പ് അവസാന നിമിഷത്തില്‍ അവാര്‍ഡ് പിന്‍വലിച്ചു.
അകാരണമായി അവാര്‍ഡ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ടി കെ കുമാരന്‍, എ എം രാമചന്ദ്രന്‍, ഇ പി കാര്‍ത്ത്യായനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ഷാജിമ, ബിന്ദു ആവള, ശശികുമാര്‍ പേരാമ്പ്ര, കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ എന്നിവര്‍ ഇന്ന് അവാര്‍ഡ് വിതരണം നടക്കുന്ന പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിന് മുന്നില്‍ ധര്‍ണ ആരംഭിച്ചു. സ്വരാജ് ട്രോഫിക്കുള്ള അവസാന ഘട്ട പരിശോധനയില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തെത്തിയതായി ഗ്രാമവികസന കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്ന് പേരാമ്പ്ര ബ്ലോക്കിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റും, ഭരണ സമിതി അംഗങ്ങളും ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും പാലക്കാട്ടെത്തിയപ്പോഴാണ് അവാര്‍ഡില്ലെന്ന് അറിയുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായുള്ള ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായും ഈ സാഹചര്യത്തില്‍ അവാര്‍ഡ് നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് പേരാമ്പ്രയിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അവാര്‍ഡ് നിഷേധിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നു. പേരാമ്പ്രയില്‍ പി ബാലന്‍ അടിയോടി, ടി പി കുഞ്ഞനന്തന്‍, കൂനേരി കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.

Latest