Connect with us

Ongoing News

ദേശീയ ഗെയിംസ്: തെളിവ് നല്‍കാന്‍ ലോകായുക്ത നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് തെളിവുകള്‍ നല്‍കാന്‍ മുന്‍ മന്ത്രി പന്തളം സുധാകരനും പാലോട് രവി എം എല്‍ എക്കും ലോകായുക്തയില്‍ ഹാജരാകാന്‍ നോട്ടീസ്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് നടന്ന റണ്‍ കേരള റണ്‍, ലാലിസം, കാര്യവട്ടം സ്‌റ്റേഡിയം നിര്‍മാണം എന്നിവയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും ഉണ്ടെന്ന പരാതിയിന്മേല്‍ പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ മൂന്ന് ഹരജികളിന്മേലാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്.
അഴിമതി തെളിവുകള്‍ നല്‍കാന്‍ ഈ മാസം 25ന് ഹാജരാകാനാണ് ലോകായുക്ത ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും ഗെയിംസിന്റെ വിവിധ സമിതികളില്‍ അംഗങ്ങളയിരുന്നു. ഗെയിംസ് അഴിമതി സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്ത മൂന്ന് ഹരജിയിന്മേലും സാക്ഷിപ്പട്ടികയില്‍ പാലോട് രവി ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം മൂന്ന് കേസുകളുടെയും തെളിവെടുപ്പ് ഒരു ദിവസമാക്കിയത്.
ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെവച്ചാല്‍ മുഴുവന്‍ ഹരജികളും ഒന്നായി പരിഗണിക്കാമെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു.
മൂന്ന് ഹരജിയിന്മേലും പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ എം എല്‍ എമാരായ വി ശിവന്‍കുട്ടി, വി സുനില്‍കുമാര്‍, ഭരണ പക്ഷ എം എല്‍ എമാരായ കെ മുരളീധരന്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, പി സി ജോര്‍ജ്ജ് എന്നിവരെ സാക്ഷികളായി വിസ്തരിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Latest