Connect with us

Ongoing News

റെയില്‍ വേബജറ്റ്: പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കണം- എം പിമാരുടെ യോഗം

Published

|

Last Updated

തിരുവനന്തപുരം: അടുത്ത കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിലെ റെയില്‍ പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്ര റെയില്‍വേ ബജറ്റില്‍ മുന്‍ഗണന നല്‍കണമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനത്തെ എം പിമാരുടെ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റെയില്‍വേമന്ത്രിക്ക് കഴിഞ്ഞ ഡിസംബര്‍ മൂന്നിന് കത്തു നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ എം പിമാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും ന്യായമായതുമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പാര്‍ലിമെന്റില്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം പിമാരോട് ആവശ്യപ്പെട്ടു. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജ്മാറ്റം, അങ്കമാലി- ശബരി പുതിയപാത നിര്‍മാണം തുടങ്ങിയവക്കായി ഈ സാമ്പത്തിക വര്‍ഷം ആവശ്യമായ 390 കോടി രൂപയും 2015-16 വര്‍ഷത്തില്‍ ആവശ്യമായ 648 കോടിയും നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തിന്റെ റെയില്‍വേ ആവശ്യങ്ങളടങ്ങിയ മുന്‍ഗണനാ പട്ടികയില്‍ ഈ പദ്ധതികള്‍ക്ക് പുറമെ പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളജ്, ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, ഗുരുവായൂര്‍-തിരുനാവായ, നിലമ്പൂര്‍- നഞ്ചന്‍കോട് ഉള്‍പ്പെട്ട പുതിയ ലൈനുകളുടെ നിര്‍മാണം, സംസ്ഥാനത്ത് നിലവിലുള്ള കോച്ചുകളുടെ നിലവാരം ഉയര്‍ത്തല്‍, കോട്ടയം, നേമം കോച്ചിംഗ് ഡിപ്പോകള്‍, മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്നിവയെല്ലാം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടതായി മന്ത്രി കെ സി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് നിര്‍ത്തലാക്കിയെന്നാണ് വാര്‍ത്തകള്‍. മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ഈ ഒഴിവ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും അതിനുള്ള മറുപടി കത്തില്‍ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് റെയില്‍മന്ത്രി അറിയിച്ചിരുന്നതുമാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ഒരുമിച്ച് റെയില്‍വേ മന്ത്രിയെ കാണാനും യോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന മീനാകുമാരി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതിനെതിരെ പാര്‍ലിമെന്റില്‍ ശക്തമായ നിലപാട് സ്വീകരിക്കാനും മുഖ്യമന്ത്രി എം പിമാരോട് ആവശ്യപ്പെട്ടു. പമ്പ-വൈപ്പാര്‍- അച്ചന്‍കോവില്‍ നദീസംയോജന പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിക്കണം. നദീസംയോജനത്തിന് ആവശ്യമായ അധികജലം കേരളത്തില്‍ ലഭ്യമല്ല. ശബരിമലയിലെ മാലിന്യങ്ങള്‍ മഴക്കാലത്ത് പമ്പയിലെ ജലപ്രവാഹത്തിലൂടെയാണ് ഇല്ലാതാകുന്നത്. ഇതിന് തടസ്സമായി വരുന്ന പദ്ധതി അംഗീകരിക്കാനാകില്ല. സിവില്‍ ഏവിയേഷന്‍ ഇന്റര്‍നാഷനല്‍ ഹബ്ബില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും സര്‍ക്കാര്‍ എം പിമാരോട് ആവശ്യപ്പെട്ടു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്ന് കേരളത്തിനുള്ള ഫണ്ട് ലഭ്യത കുറഞ്ഞതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ പുതിയ സര്‍ക്കാര്‍ മാറ്റം വരുത്തിയതിലൂടെ ഏറ്റെടുക്കാന്‍ കഴിയുന്ന ജോലികള്‍ കുറഞ്ഞതായും മന്ത്രി കെ സി ജോസഫ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. പി എം ജി എസ്. വൈ പദ്ധതിയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പരിഗണന കേരളത്തിന് ലഭിച്ചിട്ടില്ലെന്നും ഇതു പരിഹരിക്കുന്നതിന് എം പിമാര്‍ ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനം നേരിടുന്ന കടലാക്രമണ ഭീഷണിക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. അതിര്‍ത്തി സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം തീരപ്രദേശത്തിന്റെ സുരക്ഷക്കും നല്‍കാന്‍ കേന്ദ്രം തയാറാകണം. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ വനമേഖലയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകളില്‍ അര്‍ഹമായ പരിഗണന ഇതിന് ലഭിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.
റബര്‍ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമീപനത്തില്‍ മാറ്റംവരുത്തണം. റബര്‍ ഇറക്കുമതി ഉപേക്ഷിക്കണം. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചെന്ന ആക്ഷേപം എം പിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എം പിമാര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരണം നല്‍കി.

Latest