Connect with us

Ongoing News

നൂറുല്‍ ഉലമ ഇനി ഓര്‍മ; സഅദാബാദില്‍ അന്ത്യവിശ്രമം

Published

|

Last Updated

ദേളി (കാസര്‍കോട്): പതിനായിരങ്ങളുടെ യാത്രാമൊഴി ഏറ്റുവാങ്ങി പണ്ഡിത ജ്യോതിസ്സ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് താന്‍ പടുത്തുയര്‍ത്തിയ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ അന്ത്യനിദ്ര. മുക്കാല്‍ നൂറ്റാണ്ട് കാലം സമുദായത്തെ മുന്നില്‍നിന്നു നയിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ ഉസ്താദിന്റെ ഭൗതിക ശരീരം സഅദിയ്യ മസ്ജിദിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഖബറടക്കി.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.
ചൊവ്വാഴ്ച രാത്രി അന്തരിച്ച നൂറുല്‍ ഉലമയുടെ ഭൗതിക ശരീരം തൃക്കരിപ്പൂരിലെ വസതിയില്‍ നിന്ന് കുളിപ്പിച്ച ശേഷം മെട്ടമ്മല്‍ മസ്ജിദിനു സമീപം മയ്യിത്ത് നിസ്‌കാരം നടന്നു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ താന്‍ നട്ടുവളര്‍ത്തിയ ദേളി സഅദിയ്യയിലേക്ക്. അപ്പോഴേക്കും പ്രിയ നേതാവിന് യാത്രാമൊഴി നേരാന്‍ ആയിരങ്ങള്‍ സഅദാബാദിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 11 മണിക്ക് മയ്യിത്ത് നിസ്‌കാരം തുടങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, കെ പി ഹംസ മുസ്്‌ലിയാര്‍ ചിത്താരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍, അത്വാവുല്ലാ തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സി മുഹമ്മദ് ഫൈസി, ലത്വീഫ് സഅദി പഴശ്ശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 20 ഓളം തവണകളായി നടന്ന നിസ്‌കാരത്തില്‍ പതിനായിരത്തിലേറെ പേര്‍ പങ്കുകൊണ്ടു. 12 മണിയോടെ അന്ത്യനിദ്രക്കായി ഖബര്‍സ്ഥാനിലേക്ക്.
തൃക്കരിപ്പൂരിലും സഅദിയ്യയിലുമായി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കള്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മച്ചമ്പാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, തെന്നല മുഹ്‌യദ്ദീന്‍ കുട്ടി ബാഖവി, മന്‍സൂര്‍ ഹാജി ചെന്നൈ, ഇബ്‌റാഹിം മാസ്റ്റര്‍ കൊടക്, കല്ലട്ര മാഹിന്‍ ഹാജി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ്്മദ് അലി, എം സി ഖമറുദ്ദീന്‍, വി കെ അബ്ദുല്‍ ഖാദിര്‍ മൗലവി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അത്താവുല്ലാ തങ്ങള്‍, സയ്യിദ് അസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് സയ്യിദുല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാര്‍, ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, വി പി എം വില്ല്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ മതകാര്യ ഉപദേഷ്ടാവ് അലിയ്യുല്‍ ഹാശ്മി, ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് എന്നിവര്‍ അനുശോചന സന്ദേശമയച്ചു.