Connect with us

Ongoing News

ദേശീയ ഗെയിംസ്: ടീം ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും പാരിതോഷികം

Published

|

Last Updated

>>86 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം;ദേശീയ ഗെയിംസ് ടീം ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി നല്‍കാനും ടീം ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കെല്ലാം പാരിതോഷികം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യക്തിഗത മെഡല്‍ നേടിയവര്‍ക്ക് ജോലിയും പാരിതോഷികവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വ്യക്തിഗത, ടീം ഇനങ്ങളില്‍ മെഡല്‍ നേടിയ 86 താരങ്ങള്‍ക്കാണ് പുതുതായി ജോലി ലഭിക്കുക. 122 പേര്‍ ജോലിക്ക് അര്‍ഹരാണെങ്കിലും ശേഷിക്കുന്നവര്‍ ഇപ്പോള്‍ സര്‍വീസിലുള്ളവരാണ്. നിലവില്‍ ജോലിയുള്ള മെഡല്‍ ജേതാക്കള്‍ക്ക് പ്രമോഷനോ ഇന്‍ക്രിമെന്റോ എന്നത് ആവശ്യാനുസരണം നല്‍കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടീം ഇനത്തില്‍ വെള്ളിയും വെങ്കലവും നേടിയ അംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചന നടത്തുന്നുണ്ട്. ഇതില്‍ 94 പേര്‍ക്ക് നിലവില്‍ ജോലിയുണ്ട്. ഇല്ലാത്തത് 85 പേര്‍ക്കാണ്. അവരുടെ കാര്യത്തില്‍ എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. ടീം ഇനത്തില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടിയ ഓരോ അംഗത്തിനും മൂന്ന് ലക്ഷം രൂപ വീതം നല്‍കും.
വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് ലക്ഷവും വെങ്കലം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ അഞ്ച് ലക്ഷമാണ് പാരിതോഷികം. വെള്ളി മെഡല്‍ നേടിയവര്‍ക്ക് മൂന്ന് ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് രണ്ട് ലക്ഷവും നല്‍കും. പരിശീലകര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കേരള താരങ്ങളായ സാജന്‍പ്രകാശ്, എലിസബത്ത് സൂസന്‍ കോശി, അനില്‍ഡോ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്ക് എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ നല്‍കും. അവര്‍ ആവശ്യപ്പെടുന്ന പരിശീലകന്റെ സേവനം ലഭ്യമാക്കും. വിദേശ പരിശീലനം ആവശ്യമെങ്കില്‍ അതും ലഭിക്കും. ദേശീയ ഗെയിംസിന് വേണ്ടി നിര്‍മിച്ച സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ സമീപനമാണ് സ്വീകരിച്ചത്. നിര്‍മാണത്തേക്കാള്‍ വെല്ലുവിളിയാണ് ഈ സ്റ്റേഡിയങ്ങള്‍ പരിപാലിക്കുക എന്നത്. ഈ സാഹചര്യത്തില്‍ കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിന്റെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിക്കും. കണ്ണൂരിലെ സ്റ്റേഡിയത്തിന്റെ ചുമതല ജില്ലാ കലക്ടര്‍ക്കും നല്‍കും. ഇതൊക്കെ താത്കാലിക സംവിധാനങ്ങളാണെന്നും സ്ഥിരമായി സ്റ്റേഡിയങ്ങളുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോയെന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളത്ത് നിര്‍മിച്ച ഗെയിംസ് വില്ലേജ് പൊളിച്ചുനീക്കരുതെന്ന് വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സിഡ്‌കോയുടെ കീഴിലുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ വ്യവസായ വകുപ്പ് ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. ഈ സാഹചര്യം പരിഗണിച്ച് ഗെയിംസ് വില്ലേജ് നിലനിര്‍ത്തണമോ വേണ്ടയോ എന്നകാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. ഗെയിംസ് വില്ലേജ് പൊളിച്ച് പരസ്യമായി ലേലം ചെയ്യണമെന്നതായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍, മറിച്ചൊരു സാഹചര്യമുണ്ടെങ്കില്‍ അതേക്കുറിച്ചും ആലോചിക്കും. ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഗെയിംസിന്റെ ഓഡിറ്റിംഗിനെക്കുറിച്ച് പ്രതിപക്ഷത്തിന് പരാതിയുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഏതായാലും വീക്ഷണത്തിന്റെ ഓഡിറ്ററെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 1987ല്‍ നടന്ന ദേശീയ ഗെയിംസിന്റെ ഓഡിറ്റിംഗ് നടത്തിയത് ദേശാഭിമാനിയുടെ ഓഡിറ്ററായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.