Connect with us

National

പാക് ബോട്ട് കത്തിച്ചതാര്?

Published

|

Last Updated

ബെംഗളൂരു/ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പുതുവര്‍ഷത്തലേന്നെത്തിയ പാക്കിസ്ഥാന്റെ ബോട്ട് തീരസേന തകര്‍ത്തതാണെന്ന തീരസംരക്ഷണ സേനാ ഡി ഐ ജിയുടെ വാദം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞു. അതേസമയം, പ്രസ്താവന വിവാദമായതോടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഡി ഐ ജി. ബി കെ ലോഷാലിയും രംഗത്തെത്തി. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കി.
കഴിഞ്ഞ ദിവസം ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയിലാണ് ഡി ഐ ജിയുടെ വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി പോര്‍ബന്തര്‍ തീരത്തെത്തിയ പാക്ക് ബോട്ട് കത്തിച്ചുകളയാന്‍ സേനക്ക് താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് ഡി ഐ ജി വീഡിയോയില്‍ പറയുന്നത്. താന്‍ അന്ന് ഗാന്ധിനഗറിലായിരുന്നെന്നും ബോട്ട് കത്തിച്ചുകളയുകയല്ലാതെ അവരെ (പാക് ബോട്ടിലുണ്ടായിരുന്നവരെ) ബിരിയാണി കൊടുത്ത് സത്കരിക്കാന്‍ കഴിയില്ലല്ലോ എന്നും ഡി ഐ ജി വീഡിയോയില്‍ പറയുന്നുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഡി ഐ ജി നിഷേധിച്ചത്. മാധ്യമങ്ങള്‍ എന്തു തന്നെ റിപ്പോര്‍ട്ട് ചെയ്താലും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ദേശവിരുദ്ധ ശക്തികളെ സത്കരിക്കേണ്ടതില്ല എന്നും അവരെ നിയമവിധേയമായി കൈകാര്യം ചെയ്യണമെന്നും മാത്രമാണ് താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. ആ ഓപ്പറേഷന് താനല്ല നേതൃത്വം നല്‍കിയതെന്നും ഡി ഐ ജി വ്യക്തമാക്കി.
ബോട്ട് കത്തിയത് സംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്തകള്‍ക്ക് വിരുദ്ധമായിട്ടാണ് ഡി ഐ ജിയുടെ പ്രസ്താവന എന്നതിനാലാണ് ഇക്കാര്യം തള്ളിക്കളഞ്ഞ് പ്രതിരോധമന്ത്രി തന്നെ രംഗത്തെത്തിയത്. ഡി ഐ ജിയുടെ പ്രസ്താവന സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നേരത്തെ പറഞ്ഞതില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ്. തെളിവുകള്‍ വേണമെങ്കില്‍ പുറത്തുവിടാം. ഡി ഐ ജിക്കെതിരെ നടപടി വേണമോ എന്നത് വീഡിയോ പരിശോധിക്കുകയും അേന്വഷണം പൂര്‍ത്തിയാകുകയും ചെയ്ത ശേഷമേ പറയാന്‍ കഴിയൂ എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഡി ഐ ജി ലോഷാലിയുടെ പ്രസ്താവന തീരസംരക്ഷണ സേനയും നിഷേധിച്ചിട്ടുണ്ട്. അതില്‍ത്തന്നെയാണ് പ്രതിരോധ മന്ത്രാലയവും ഉറച്ചുനില്‍ക്കുന്നത്. ഏതെങ്കിലും ചാനല്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തും- മന്ത്രി പരീക്കര്‍ പറഞ്ഞു.
കോസ്റ്റ് ഗാര്‍ഡാണോ പാക് ബോട്ട് വെടിവെച്ച് തകര്‍ത്തതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ഇത് കോടതി മുറിയല്ലെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

Latest