Connect with us

Ongoing News

ലൈറ്റ് മെട്രോ തീരുമാനമായില്ല; സ്വകാര്യപങ്കാളിത്തം വേണമോയെന്നതില്‍ ആശയക്കുഴപ്പം

Published

|

Last Updated

തിരുവനന്തപുരം; കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. 55,510 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കണമെന്ന ആസൂത്രണ ബോര്‍ഡിന്റെ ശിപാര്‍ശയായിരുന്നു യോഗത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയം.

എന്നാല്‍, ലോകത്തൊരിടത്തും പൊതുയാത്രാ സംവിധാനത്തിനു വേണ്ടി സ്വകാര്യ പങ്കാളിത്തം തേടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തി.
രണ്ട് നഗരങ്ങളിലായുള്ള വന്‍ പദ്ധതിക്ക് ധനവകുപ്പ് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. വന്‍ ബാധ്യത വരുത്തുന്നതായിരിക്കും പദ്ധതിയെന്ന നിലപാടിലാണ് ധനവകുപ്പ്. സര്‍ക്കാറിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ അത് ഏറ്റെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കെയാണ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ഏറ്റെടുക്കുന്നതായിരിക്കും നല്ലതെന്ന് ആസൂത്രണ ബോര്‍ഡ് അഭിപ്രായം പറഞ്ഞത്.
പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ടിന് ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കുമെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ഡിസംബറിലെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം അറിയിച്ചിരുന്നത്. എന്നാല്‍, ഇതുവരെയായിട്ടും പഠന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിട്ടില്ല. തുടക്കത്തില്‍ പദ്ധതിയില്‍ നിന്ന് ഒരു ലാഭവും പ്രതീക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടുതന്നെ സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുക ബുദ്ധിമുട്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഡല്‍ഹി മെട്രോ പദ്ധതിയിലും ഈ ആശയം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
ഇത്തരം പദ്ധതികളില്‍ മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ മാത്രമേ സ്വകാര്യ പങ്കാളിത്തത്തിനു സംരംഭകര്‍ താത്പര്യം പ്രകടിപ്പിക്കാന്‍ ഇടയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ഇ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest