എ എ പിയുടെ ഫണ്ട് ശേഖരണത്തില്‍ നിയമലംഘനമില്ല: കേന്ദ്രം

Posted on: February 19, 2015 12:08 am | Last updated: February 19, 2015 at 12:18 am

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വിദേശ ഫണ്ട് ശേഖരണത്തില്‍ നിയമ ലംഘനങ്ങളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആം ആദ്മി പാര്‍ട്ടിയുടെ വിദേശ ഫണ്ട് സ്വീകരിച്ചതില്‍ നിയമ ലംഘനങ്ങളില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
ആം ആദ്മിയുടെ വിദേശ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ജി രോഹിനി ജസ്റ്റിസ് എന്‍ഡ്‌ലാവ ബേഞ്ച് അധ്യക്ഷരായ ബേഞ്ച് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ആം ആദ്മി നിയമങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പട്ട് അഡ്വ. എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിട്ടുണ്ടെന്നും നിയമ ലംഘനം നടത്തി ഫണ്ട് കൈപ്പറ്റുന്നതായി അന്വേഷണത്തില്‍ കണ്ടെത്തനായില്ലെന്നും കേന്ദ്രസക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് ദുബൈ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നും എ എ പി ഫണ്ട് ശേഖരിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.