Connect with us

National

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ ശക്തമായി എതിര്‍ക്കും: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ഓര്‍ഡിനന്‍സിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും താത്പര്യങ്ങള്‍ക്ക് കടക വിരുദ്ധമായ ഭൂ ഓര്‍ഡിനന്‍സ്, ഫലത്തില്‍ ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലിന് വഴിവെക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രികൂടിയായ കോണ്‍ഗ്രസ് എം പി ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മാത്രമല്ല മറ്റ് നിരവധി പാര്‍ട്ടികളും ഭൂ ഓര്‍ഡിനന്‍സിന് എതിരാണ്. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് കടക വിരുദ്ധമാണ് ഈ ഓര്‍ഡിനന്‍സ്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് അധികാരം മുഴുവന്‍.
2013ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ബുദ്ധിയിലുദിച്ചതാണെന്നും ജയറാം രമേശ് അവകാശപ്പെട്ടു.
ഈ നിയമം കര്‍ഷകന്റെ ഭൂമിക്ക് നഷ്ടപരിഹാരം ഉറപ്പ് നല്‍കുമ്പോള്‍ തന്നെ ജീവനോപാധിക്കായി ഇതില്‍ അധ്വാനിക്കുന്ന കര്‍ഷകന് സംഭവിക്കുന്ന നഷ്ടത്തിന് പരിഹാരവും നല്‍കുന്നതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിക്കുകയാണ്. 2013ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂ നിയമത്തിന് ബി ജെ പിയടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലമായിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ബി ജെ പി കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിച്ചതുമാണ്.

Latest