Connect with us

Ongoing News

ദക്ഷിണാഫ്രിക്കയെ സഹായിക്കാന്‍ ഗാരി കേര്‍സ്റ്റനും

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ താരമായിരുന്ന മൈക്കല്‍ ഹസിക്ക് പിന്നാലെ മുന്‍ ക്യാപ്റ്റനും കോച്ചുമായ ഗാരി കേര്‍സ്റ്റനെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ലോകകപ്പ് സംഘത്തിലെത്തിച്ചു. ഹസിയെ പോലെ ഉപദേശകന്റെ റോളാണ് കേര്‍സ്റ്റന്. 22ന് ഇന്ത്യയുമായിട്ടുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ഗാരി കേര്‍സ്റ്റനെ ഒപ്പം ചേര്‍ത്തതോടെ ദക്ഷിണാഫ്രിക്ക മാനസികമായി ഒരുപടി മുന്നിലെത്തി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീം കോച്ചായിരുന്ന കേര്‍സ്റ്റന് ശക്തിദൗര്‍ബല്യങ്ങള്‍ വ്യക്തമായറിയാം. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് കേര്‍സ്റ്റന്‍ മെല്‍ബണില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിലേക്ക് പുറപ്പെട്ടത്.
ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിട്ടില്ലെന്ന ദുഷ്‌പേര് മായ്ച്ചുകളയാന്‍ ഇന്ത്യക്ക് വിയര്‍ക്കേണ്ടി വരുമെന്ന് സാരം. പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. സിംബാബ്‌വെയോട് നിറം കെട്ട ജയമായിരുന്നു ദക്ഷിണാഫ്രിക്ക നേടിയത്.