Connect with us

Ongoing News

പാക് ഫീല്‍ഡിംഗ് കോച്ച് രാജി ഭീഷണി മുഴക്കി

Published

|

Last Updated

കറാച്ചി: ലോകകപ്പിനിടെ പതിവുപോലെ പാക്കിസ്ഥാന്‍ ക്യാമ്പില്‍ പ്രശ്‌നം ഉടലെടുത്തു. മുതിര്‍ന്ന കളിക്കാരുടെ പെരുമാറ്റദൂഷ്യത്തില്‍ മനം മടുത്ത് ഫീല്‍ഡിംഗ് കോച്ച് ഗ്രാന്റ് ലൂഡെന്‍ രാജിഭീഷണി മുഴക്കി. ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവര്‍ പരിശീലന സെഷനില്‍ ലൂഡനെ പ്രകോപിപ്പിക്കും വിധം പരിഹാസം അഴിച്ചുവിടുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ടീം വിടുകയാണെന്ന് ലൂഡന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) ചെയര്‍മാന്‍ ഷഹരിയാന്‍ ഖാന് ഈമെയില്‍ സന്ദേശം അയച്ചു. മൂന്ന് കളിക്കാര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് ഷഹരിയാന്‍ ഖാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ലൂഡനെ ഉടനടി സമാധാനിപ്പിച്ച പി സി ബി ചെയര്‍മാന്‍ ടീം മാനേജര്‍ നവേദ് ചീമയുമായും ഹെഡ് കോച്ച് വഖാര്‍ യൂനിസുമായും ചര്‍ച്ച നടത്തി. കളിക്കാരില്‍ നിന്ന് മേലില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന ഉറപ്പ് ഷഹരിയാര്‍ ഖാന്‍ ഫീല്‍ഡിംഗ് കോച്ചിന് നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് പി സി ബി ലൂഡനെ ഫീല്‍ഡിംഗ് കോച്ചായി ചുമതലപ്പെടുത്തിയത്.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ കോച്ച് വഖാര്‍ യൂനിസ് ആവശ്യപ്പെട്ടിട്ടും മുതിര്‍ന്ന താരങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രാന്റ് ലൂഡെന്‍ നേതൃത്വം നല്‍കുന്ന ഫീല്‍ഡിംഗ് സെഷനില്‍ ഇവര്‍ പ്രശ്‌നക്കാരായി മാറിയത് തുടര്‍ച്ചയായിട്ടായിരുന്നു.
ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റ് ടീം സെലക്ഷനെ ചൊല്ലി മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. അതൊന്ന് അടങ്ങി വരുമ്പോഴാണ് പുതിയ വിവാദം.