ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവിന് വധശിക്ഷ

Posted on: February 19, 2015 1:57 am | Last updated: February 19, 2015 at 12:08 pm

54e43b565ede1ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ തൂക്കിക്കൊല്ലാന്‍ കോടതി ഉത്തരവിട്ടു. വിധി പുറത്തുവന്ന ഉടനെ കോടതിക്ക് പുറത്തു തടിച്ചു കൂടിയ ജമാഅത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ നൂറുകണക്കിന് പേരെ കൊലപ്പെടുത്തിയ കേസിലും വംശീയ ഉന്മൂലനം, പീഡനം എന്നീ കേസുകളിലും അബ്ദുസ്സുബ്ഹാന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയില്‍ പ്രകോപിതരായ ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇവരെന്ന് ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്താന്‍ ദീര്‍ഘകാലമായി ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും അവര്‍ക്ക് ലക്ഷ്യം കണ്ടെത്താനായിട്ടില്ല.
അബ്ദുസ്സുബ്ഹാനെതിരെയുള്ള ഒമ്പത് കുറ്റങ്ങളില്‍ ആറെണ്ണത്തിലും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ പേരിലാണ് അതിക്രമങ്ങളെല്ലാം ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂട്ടര്‍ സുല്‍ത്താന്‍ മഹ്മൂദ് വ്യക്തമാക്കി.
എന്നാല്‍, കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.