Connect with us

International

വാഗ്ദാനം വാക്കിലൊതുങ്ങി; ഗാസ പുനരുദ്ധാരണം അവതാളത്തിലായി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസ്‌റാഈല്‍ നടത്തിയ 50 ദിവസത്തെ യുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ ഗാസയുടെ പുനരുദ്ധാരണം മന്ദഗതിയില്‍. ലോകരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം ഇതുവരെയും എത്താത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊത്തം വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ അഞ്ച് ശതമാനം മാത്രമാണ് ലഭിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ലോകരാഷ്ട്രങ്ങള്‍ 5.4 ബില്യണ്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇതില്‍ കേവലം 300 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ഫലസ്തീന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ് മുസ്ത്വഫയുടെ ഓഫീസ് അറിയിച്ചു. ഒരു ലക്ഷത്തിലധികം വീടുകളാണ് യുദ്ധത്തിനിടെ തകര്‍ക്കപ്പെട്ടിരുന്നത്. 2,000ത്തിലേറെ നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2014 ഒക്‌ടോബറില്‍ കൈറോയില്‍ നടന്ന സമ്മേളനത്തിനിടെയാണ് ലോകരാജ്യങ്ങള്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടി കോടികള്‍ സംഭാവന വാഗ്ദാനം ചെയ്തിരുന്നത്. ഖത്തര്‍ ഒരു ബില്യണ്‍ ഡോളറും സഊദി അറേബ്യ500 മില്യണ്‍ ഡോളറും യു എ ഇ 200 മില്യണ്‍ ഡോളറും വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട തുക എത്രയും പെട്ടെന്ന് നല്‍കണമെന്ന് അടുത്തിടെ ഈജിപ്തും നോര്‍വെയും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ടിന്റെ അഭാവം മൂലം, യു എന്‍ ഏജന്‍സി ഗാസയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫണ്ട് ലഭിക്കാന്‍ വൈകുന്നത് നിരാശപ്പെടുത്തുന്നതാണെന്നും അസ്വീകാര്യമാണെന്നും യു എന്‍ ഓര്‍മപ്പെടുത്തി.