കള്ളപ്പണം: എച്ച് എസ് ബി സി ബേങ്കിന്റെ ജനീവ ഓഫീസുകളില്‍ റെയ്ഡ്‌

Posted on: February 19, 2015 12:22 am | Last updated: February 19, 2015 at 10:34 am

HSBC-bank101ജനീവ: കള്ളപ്പണ ഇടപാടുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ബ്രിട്ടീഷ് ബേങ്കിംഗ് കുത്തക സ്ഥാപനമായ എച്ച് എസ് ബി സിയുടെ ജനീവയിലെ ഓഫീസുകളില്‍ അന്വേഷണസംഘം മിന്നല്‍ പരിശോധന നടത്തി. ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതിവെട്ടിപ്പിന് ഇടപാടുകാരെ സഹായിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. എച്ച് എസ് ബി സി ബേങ്കില്‍1,195 ഇന്ത്യക്കാര്‍ക്ക് അക്കൗണ്ടുകളുണ്ട്.
എച്ച് എസ് ബി സി ബേങ്ക് (സ്വിറ്റ്‌സര്‍ലാന്‍ഡ്) ഇടപാടുകാരെ നികുതി വെട്ടിപ്പിന് സഹായിക്കുന്നുണ്ടെന്ന് പബഌക് പോസിക്യൂട്ടര്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെ ബേങ്കിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.
എച്ച് എസ് ബി സിയുടെ സ്വിസ് ആസ്ഥാന ഓഫീസില്‍ ജനീവയിലെ പ്രധാന പ്രോസിക്യൂട്ടര്‍ ജനറലായ ഒളിവര്‍ ജോര്‍നോട്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ബേങ്കിനെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ കൂടുതല്‍ നടപടിയുണ്ടാകൂവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
200ലേറെ രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് നികുതിവെട്ടിപ്പിന് എച്ച് എസ് ബി സി കൂട്ടുനിന്നുവെന്ന് ഇയ്യിടെ വെളിപ്പെടുത്തിയിരുന്നു. 119 ബില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പിനാണ് എച്ച് എസ് ബി സി ബേങ്ക് കൂട്ടുനിന്നത്.
കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സ്വിസ് സര്‍ക്കാര്‍ ഇയ്യിടെ വ്യക്തമാക്കിയിട്ടുണ്ട്. അതി പ്രശസ്തരായ ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ ഇയ്യിടെ പുറത്ത് വന്നിരുന്നു. ആയുധ ഇടപാടുകാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ പേരുവിവരങ്ങളും പുറത്തായിട്ടുണ്ട്. എച്ച് എസ് ബി സിയിലെ മുന്‍ ഐ ടി ജീവനക്കാരനായ ഹെര്‍വെ ഫാള്‍സിയാനി 2007ല്‍ മോഷ്ടിച്ചതാണ് ഈ ഫയലുകള്‍ എന്നാണ് അറിയുന്നത്.