ദേശീയ ഗെയിംസില്‍ 122.15 കോടിയുടെ അഴിമതി: വി ശിവന്‍കുട്ടി

Posted on: February 19, 2015 5:49 am | Last updated: February 18, 2015 at 11:49 pm

തിരുവനന്തപുരം:ഗെയിംസില്‍ 122.15 കോടി രൂപയുടെ അഴിമതി നടന്നതായി വി ശിവന്‍കുട്ടി എം എല്‍ എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഗെയിംസിനായി 611 കോടി രൂപയാണ് ചിലവഴിച്ചത്.22കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം
സ്റ്റേഡിയങ്ങള്‍ക്കായി 229.25 കോടി രൂപചിലവഴിച്ചതില്‍ 50 കോടി രൂപയുടെ അഴിമതി നടന്നു. മേനംകുളം ഗെയിംസ് വില്ലേജിനായി 60 കോടി രൂപ യില്‍ 10 കോടി രൂപയുടേയും കായികോപകരണങ്ങള്‍ വാങ്ങാന്‍ 31 കോടി രൂപയില്‍ അഞ്ചുകോടിയുടേയും അഴിമതി നടന്നു.ആറുകോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍് വാങ്ങിയതില്‍ ഒരു കോടി രൂപയും കാറ്ററിംഗില്‍ ഒരു കോടി രൂപയും ഉദ്ഘാടന സമാപന ചടങ്ങുകളില്‍ 20.5 കോടി രൂപ യില്‍ ഏഴര കോടി രൂപയും അഴിമതി നടന്നു. വോളണ്ടിയര്‍മാര്‍ക്കായി നാലു കോടി യില്‍ ഒന്നര കോടി രൂപയും ഭാഗ്യചിഹ്നമായ അമ്മുവിന്റെ പേരില്‍ 20 ലക്ഷം രൂപ യില്‍ 20,000 രൂപയും ഷൂട്ടിംഗിന്റെ പേരില്‍ അഞ്ചു കോടി രൂപയും അഴിമതി നടന്നതായും അദ്ദേഹം ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ കിറ്റിനത്തില്‍ അഞ്ചു കോടി രൂപയും ഗെയിംസില്ലാത്ത വേദികള്‍ക്കായി ഫണ്ട് വകമാറ്റിയതിലൂടെ 10 കോടി രൂപയുടെ അഴിമതി നടത്തി. താമസ സൗകര്യം ഒരുക്കിയതില്‍ ഒരു കോടിയും വി ഐ പികള്‍ക്ക് ഇരിക്കാന്‍ സോഫ വാങ്ങിയതില്‍ 40 ലക്ഷം രൂപയും ദിശാബോര്‍ഡിനത്തില്‍ 20 ലക്ഷത്തിന്റേയും ലോണ്‍സ് ബോള്‍ നിര്‍മിച്ചതില്‍ 75 ലക്ഷം രൂപയും കൊച്ചിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിച്ചതില്‍ 75 ലക്ഷം രൂപയും വാഹനങ്ങള്‍ വാടകക്കെടുത്തതില്‍ അഞ്ചുകോടിയും കസേര വാടകക്ക് എടുത്തതില്‍ ഒരു കോടി രൂപയും അഴിമതി നടന്നു. ഇതിനു പുറമെയാണ് 240 കോടി രൂപ നിര്‍മാണ ചെലവുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് വീണ്ടും 150 കോടി രൂപ അധികമായി നല്‍കാന്‍ തീരുമാനിച്ചത്. അഴിമതി സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.