Connect with us

Malappuram

മലയാള സര്‍വകലാശാലയില്‍ പുതിയ മൂന്ന് കോഴ്‌സുകള്‍കൂടി

Published

|

Last Updated

മലപ്പുറം: മലയാള സര്‍വകലാശാലയില്‍ പുതിയ മൂന്ന് കോഴ്‌സുകള്‍കൂടി ആരംഭിക്കുമെന്നു വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പസില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങളില്‍ അധിഷ്ടിതമായ അധ്യയനമാണ് മലയാള സര്‍വകലാശാലയുടെ ലക്ഷ്യം. പരിസ്ഥിതി പ്രശ്‌നങ്ങളും പ്രവാസം ഉള്‍പ്പെടെ മലയാളികളുടെ സാമൂഹിക സാഹചര്യങ്ങളും സര്‍വകലാശാല പഠന വിധേയമാക്കും. ഇതിനായി എം എ സോഷ്യോളജി, ഹിസ്റ്ററി വിഭാഗങ്ങള്‍ പുതുതായി ആരംഭിക്കും. ഈ വിഭാഗങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ക്കായിരിക്കും പ്രാധാന്യം.
ഫിലിം സ്റ്റഡീസിനായി മറ്റൊരു വിഭാഗം തുറക്കുന്നതോടെ സര്‍വകലാശാലയില്‍ കോഴ്‌സുകളുടെ എണ്ണം പത്താകും. ഹിസ്റ്ററി, സോഷ്യോളജി വിഭാഗങ്ങളില്‍ ഇരുപതു സീറ്റുകളും, ഫിലിം സ്റ്റഡീസിന് പത്തു സീറ്റുമാണുണ്ടാവുക.
സിലബസ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള അന്തിമ തീരുമാനത്തിലെത്തിയത്.
പതിനഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി സര്‍വകലാശാലക്ക് സ്വന്തമായി മറ്റൊരു ക്യാമ്പസ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സര്‍വകലാശാലകളിലേതില്‍ നിന്നു വ്യത്യസ്തമാണെന്നു കെ ജയകുമാര്‍ വിശദീകരിച്ചു.
വിദ്യാര്‍ഥികളെ പുതു ലോകത്തിന്റെ തൊഴില്‍ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കാനായി സ്‌പോക്കണ്‍ ഇംഗ്ലീഷിന് അധ്യാപകനെ നിയമിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിവിധ ലൈബ്രറികളെ ഉള്‍പ്പെടുത്തി സര്‍വകലാശാല സംഘടിപ്പിക്കുന്ന “സാഹിതി” പുസ്തകോത്സവവും സാഹിത്യോത്സവവും ഈമാസം 21, 22, 23 തീയതികളില്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

 

Latest