വിനോദ സഞ്ചാരികള്‍ക്കായി ക്യൂ ആര്‍ കോഡ് സംവിധാനം

Posted on: February 19, 2015 2:42 am | Last updated: February 18, 2015 at 11:42 pm

തിരുവനന്തപുരം: കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെവിടേയുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചു വിവരം നല്‍കുന്ന ക്യൂ ആര്‍ കോഡ് സംവിധാനം സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്നു. ഇന്ത്യയിലാദ്യമായാണ് ടൂറിസം പ്രചാരണരംഗത്ത് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള ക്യു ആര്‍ ബോര്‍ഡുകളുടെ സഹായത്തോടെ അതതു സ്ഥലങ്ങള്‍ക്ക് ഏറ്റവുമടുത്തുള്ള പ്രധാന സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ടൂറിസം വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
നിശ്ചിത രീതിയില്‍ ക്രമീകരിച്ച ദ്വിമാന മെട്രിക്‌സ് ബാര്‍കോഡുകളാണ് ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍ എന്ന പേരിലറിയപ്പെടുന്ന ക്യു ആര്‍ കോഡുകള്‍. ബാര്‍കോഡുകളെ അപേക്ഷിച്ച് അസംഖ്യം വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശേഷി ക്യു ആര്‍ കോഡുകള്‍ക്കുണ്ട്. ക്യു ആര്‍ റീഡര്‍ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകളിലോ ടാബുകളിലോ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യു ആര്‍ കോഡിന്റെ ചിത്രമെടുത്താല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഞൊടിയിടയില്‍ ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് സംസ്ഥാനത്തുടനീളം നൂറുകണക്കിന് ക്യു ആര്‍ കോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വിനോദസഞ്ചാര സംബന്ധിയായ ലഘുലേഖകള്‍, മാസികകള്‍ എന്നിവയിലും ക്യു ആര്‍ കോഡുകള്‍ ഉള്‍ക്കൊള്ളിക്കും.
സഞ്ചാരികള്‍ക്ക് അറിയാന്‍ താത്പര്യമുള്ള സ്ഥലങ്ങളുടെ ദൂരപരിധി തിരഞ്ഞെടുത്താല്‍ കൃത്യമായ വിവരണങ്ങള്‍ ലഭിക്കും. സഞ്ചാരികള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും രണ്ട് കിലോ മീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ പരിധിയിലുള്ള സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും ലഭിക്കുക. ഓരോ ജില്ലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ എഴുപത്തിയഞ്ചിലധികം ചിത്രങ്ങള്‍ ഉള്‍പ്പെടെ 1200 ചിത്രങ്ങള്‍ നിലവില്‍ ടൂറിസം വെബ്‌സൈറ്റില്‍ ഉണ്ട്.
പ്രാദേശിക വിവരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുന്നതിനായി വിവര ശേഖരണത്തിനും വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ടി വി അനുപമ പറഞ്ഞു.
ഇതിലേക്ക് വിനോദ സഞ്ചാര സാധ്യതകളുള്ള മേഖലയുടെ വിവരങ്ങളും ചിത്രങ്ങളും സ്മാര്‍ട് ഫോണിലൂടെ www.keralatourism.orgഎന്ന വെബ്‌സൈറ്റില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാം. ഈ ചിത്രങ്ങള്‍ അധികൃതരുടെ പരിശോധനക്കു ശേഷം ക്യു ആര്‍ കോഡില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിക്കുമെന്നും അനുപമ പറഞ്ഞു.