Connect with us

Editorial

നെല്ലിന്റെ താങ്ങുവില ഉയര്‍ത്തണം

Published

|

Last Updated

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി ശേഖരിക്കുന്ന നെല്ലിന്റെ താങ്ങു വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന അധിക വിഹിതം പിന്‍വലിച്ച നടപടി കേരളത്തിലെ നെല്‍കൃഷി മേഖലക്ക് കനത്ത ആഘാതമാണ്. നെല്ല് കിലോക്ക് 13 രൂപ 60പൈസയാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില. അതേസമയം കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഗണിച്ച് 5.40 രൂപ അധികമായി നല്‍കി 19 രൂപക്കാണ് സപ്ലൈകോ നെല്ല് സംഭരിച്ചിരുന്നത്. ഈ അധിക തുക സംസ്ഥാനം നിര്‍ത്തല്‍ ചെയതിരിക്കുകയാണ്. കേന്ദ്രം നിശ്ചയിച്ച താങ്ങുവില മാത്രമാണ് ഈ സീസണില്‍ സപ്ലൈകോ നല്‍കിവരുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ഈ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍, താങ്ങു വില വെട്ടിക്കുറച്ചിട്ടില്ലെന്നും ഇത്തവണ രണ്ട് ഘഡുക്കളായാണ് തുക നല്‍കുന്നതെന്നുമുള്ള വിശദീകരണവുമായി സപ്ലൈകോ രംഗത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 13.60 രൂപ പ്രകാരമുള്ള വില കേന്ദ്രവിഹിതമായ ആദ്യഗഡുമാത്രമാണെന്നും സംസ്ഥാനം നല്‍കി വന്നിരുന്ന അധികതുക പിന്നീട് നല്‍കുമെന്നുമാണ് സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ജോണി ജോസ് പറയുന്നത്. എന്നാല്‍ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലക്കപ്പുറം സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ തുക വര്‍ധിപ്പിച്ചുനല്‍കരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവുണ്ടായിരിക്കെ, കര്‍ഷകരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള അടവ് മാത്രമാണ് സപ്ലൈകോയുടെ ഈ വിശദീകരണമെന്നാണ് അറിയുന്നത്. കൂടുതല്‍ വിലനല്‍കി ഏതെങ്കിലും സംസ്ഥാനം നെല്ല് സംഭരിച്ചാല്‍, പ്രസ്തുത നെല്ല് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം.
സംഭരിക്കുന്ന നെല്ല് അരിയാക്കി മാറ്റുന്ന മില്ലുകള്‍ നല്‍കേണ്ട ഗ്യാരണ്ടി തുക വര്‍ധിപ്പിച്ചു മില്ലുകളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു നെല്ല് സംഭരണ ചുമതലയില്‍ നിന്ന് പിന്‍വലിയാന്‍ സപ്ലൈകോ ശ്രമിക്കുന്നതായും പരാതിയുണ്ട്. 650 ടണ്‍ നെല്ല് അരിയാക്കാനായി സപ്ലൈകോ മില്ലുകള്‍ക്ക് നല്‍കുമ്പോള്‍ 50 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി മില്ലുകാര്‍ നല്‍കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇനി മുതല്‍ ഒരു കോടിയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് അടുത്ത ദിവസം കൊച്ചിയില്‍ ചേര്‍ന്ന മില്ലുടമകളുടെ യോഗത്തില്‍ സപ്ലൈകോ എം ഡി അറിയിക്കുകയുണ്ടായി. നെല്ല് സംഭരണത്തിന് സര്‍ക്കാറില്‍ നിന്നും സപ്ലൈകോക്ക് ലഭിക്കേണ്ട പണം സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശികയായി അവശേഷിക്കുകയാണ്. മുന്‍വര്‍ഷം നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ 150 കോടി നല്‍കാനുണ്ട്. ഇത് ലഭിക്കാത്തത് മൂലം കര്‍ഷകരില്‍ നിന്നെടുത്ത നെല്ലിന് വില നല്‍കാനായി വിവിധ ഏജന്‍സികളില്‍ നിന്ന് വായ്പയെടുത്ത 121 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാനാകാതെ വിഷമിക്കുകയാണ് സപ്ലൈകോ. ഇതുകൊണ്ടെല്ലാമാണ് നെല്ല് സംഭരണത്തില്‍ നിന്നും അവര്‍ തലയൂരാന്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ നെല്‍ കൃഷിയും നെല്‍പ്പാടങ്ങളും വന്‍തോതില്‍ കുറഞ്ഞു വരികയാണ്.1974-75 വര്‍ഷം 8,76,000 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്ന കേരളത്തില്‍ 2013-ല്‍ 1,97,277 ഹെക്ടറിലേക്ക് ചുരുങ്ങിയതായി പ്രസ്തുത വര്‍ഷം നിയമസഭയില്‍ വെച്ച രേഖകള്‍ കാണിക്കുന്നു. കൃഷിവകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇത് 1.78 ലക്ഷം ഹെക്ടറും സപ്ലൈകോയുടെ കണക്കു പ്രകാരം ഒന്നരലക്ഷം ഹെക്ടറുമാണ്. ഇതനുസരിച്ചു കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനകം ഏഴ് ലക്ഷത്തിലേറെ ഹെക്ടര്‍ നെല്‍പ്പാടമാണ് സംസ്ഥാനത്ത് അപ്രത്യക്ഷമായത്. കൂടാതെ നെല്‍ക്കൃഷിക്ക് യോഗ്യമായിട്ടും കൃഷി ചെയ്യാതെ തരിശായി ഒഴിച്ചിട്ട വയലുകളും നിരവധിയുണ്ട്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 40 ലക്ഷം ടണ്ണിലേറെ അരിയുടെ ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനം 6.30 ലക്ഷം ടണ്‍ മാത്രവും. നമ്മുടെ ആവശ്യത്തിന്റെ 85 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
വളത്തിന്റെയും മറ്റും രൂക്ഷമായ വിലവര്‍ധന, തൊഴിലാളികളുടെ കൂലിയിലുണ്ടായ ക്രമാതീതമായ ഉയര്‍ച്ച , വിളനാശം, ഉപഭോഗ സംസ്‌കാരത്തിന്റെ സ്വാധീനം തുടങ്ങിയവയാണ് സംസ്ഥാനത്തെ കര്‍ഷകരെ നെല്‍ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കും. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ ആവശ്യത്തിനുമാത്രം ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും ബാക്കി നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? മുല്ലപ്പെരിയാര്‍ പോലുള്ള അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ പലപ്പോഴും അയല്‍ സംസ്ഥാനങ്ങളുമായുള്ള നമ്മുട ബന്ധം വഷളാക്കുകയും അത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കു കടത്തുകളെ ബാധിക്കുകയും ചെയ്യാറുണ്ട്.
കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി നമുക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇത്തരം ഘട്ടങ്ങളെ നേരിടാനുള്ള വഴി. ഇതിനുപകരം താങ്ങു വിലയില്‍ വെട്ടിക്കുറവ് വരുത്തി കര്‍ഷകരെ ഇനിയും നിരാശരാക്കുമ്പോള്‍ നെല്‍കൂഷി കൂടുതല്‍ ശോഷിക്കുകയായിരിക്കും ഫലം. തൊഴിലാളികളുടെ കൂലിയിലുള്ള ഭീമമായ അന്തരമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്‍ഷിക വൃത്തിയില്‍ കേരളീയര്‍ക്ക് വരുന്ന അധികച്ചെലവ് കേന്ദ്രത്തെ ബോധ്യപ്പെടുത്തി, കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കുടുതല്‍ വില കര്‍ഷകര്‍ക്ക് നല്‍കരുതെന്ന നിബന്ധനയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിക്കിട്ടുന്നതിനുള്ള ശക്തമായ സമ്മര്‍ദമാണ് താങ്ങുവിലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉളവായ പ്രതിസന്ധി അതിജീവിക്കാനുള്ള വഴി.

Latest