ഹജ്ജ് അപേക്ഷ സമയപരിധി നീട്ടണം: കുഞ്ഞാലിക്കുട്ടി

Posted on: February 18, 2015 9:47 pm | Last updated: February 18, 2015 at 11:48 pm

pk kunhalikuttyതിരുവനന്തപുരം: ഹജ്ജ്‌ന് അപേക്ഷ സമയപരിധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കത്തയച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അപേക്ഷ ഇത്തവണ ഓണ്‍ലൈനായി കൂടി സമര്‍പ്പിക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു. പുതിയ സംവിധാനം പരിചിതമാകാനുള്ള സമയംകൂടി കണക്കിലെടുത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
ഹജ്ജിനായി വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടാ സമ്പ്രദായം പരിഷ്‌കരിച്ച് അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്ന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലാണ്. നാലു തവണ തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതെ അഞ്ചാം തവണയും അപേക്ഷിക്കുന്നവര്‍ കേരളത്തില്‍ ഉണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്ന ക്വാട്ടയുടെയത്രപോലും അപേക്ഷകരില്ലെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.