Connect with us

Ongoing News

ബംഗ്ലാദേശിന് 105 റണ്‍സ് ജയം; അഫ്ഗാന്‍ ബാറ്റിംഗ് പാളി

Published

|

Last Updated

കാന്‍ബറ: ലോകകപ്പ് അരങ്ങേറ്റത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാളി. ബൗളിംഗില്‍ ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിലും ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ അഫ്ഗാന്‍ 105 റണ്‍സ് പരാജയം ഏറ്റുവാങ്ങി. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ കൈയില്‍ നിന്നേറ്റ അട്ടിമറിക്കുള്ള മധുരപ്രതികാരം കൂടിയായി ബംഗ്ലാദേശിന് ഈ ജയം. മാത്രമല്ല ലോകകപ്പ് ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ജയം കൂടിയാണിത്.
ഷാക്കിബ് അല്‍ ഹസന്റെയും മുഷ്ഫിഖുര്‍ റഹിമിന്റെയും റെക്കോഡ് സെഞ്ച്വറി കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് 267 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. അഫ്ഗാനിസ്ഥാന്റെ മറുപടി 42.5 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു.
വിജയച്ചെങ്കിലും ബാറ്റിംഗ് നിര അഫ്ഗാന്റെ രാജ്യാന്തര പരിചയമില്ലാത്ത ബൗളിംഗ് നിരക്ക് മുന്നില്‍ തപ്പിത്തടഞ്ഞത് ബംഗ്ലാദേശ് ടീം മാനേജ്‌മെന്റിനെ ഇരുത്തിചിന്തിപ്പിക്കും. വലിയ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അഫ്ഗാനെതിരെ തുടക്കത്തില്‍ പതറിയത് അവരെ ആശങ്കപ്പെടുത്തുന്നു.
മുപ്പതാം ഓവറില്‍ 119ന് നാല് വിക്കറ്റ് എന്ന നിലയില്‍ പതറുകയായിരുന്നു ബംഗ്ലാദേശ്. ഈ ലോകകപ്പിലെ ഏറ്റവും ഇഴഞ്ഞു നീങ്ങിയ ഒന്നാമിന്നിംഗ്‌സും ഇതുതന്നെ.
ഓപ്പണര്‍മാരായ അന്‍മുള്‍ ഹഖ് 55 പന്തില്‍ നിന്ന് 29 ഉം തമിം ഇഖ്ബാല്‍ 42 പന്തില്‍ നിന്ന് 19 ഉം റണ്‍ മാത്രമാണ് നേടിയത്. കൂറ്റനടികള്‍ക്ക് വ്യഗ്രത കാണിച്ച സൗമ്യ സര്‍ക്കാര്‍ 25 പന്തില്‍ നിന്ന് 28 റണ്ണെടുത്തും മഹമ്മദുല്ല 23ഉം റണ്ണെടുത്ത് ഡ്രസിംഗ് റൂമിലെത്തി. പിന്നീട് പരിചയസമ്പന്നരായ ഷാക്കിബ് അല്‍ ഹസ്സനും മുഷ്ഫിഖുര്‍ റഹിമും കൂട്ടുചേര്‍ന്നതോടെയാണ് ബംഗ്ലാദേശ് കരകയറിയത്. അമ്പതാം ഓവറില്‍ അവരെ 267 റണ്‍സിലെത്തിച്ചത് 56 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിമും 51 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനുമാണ്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ലോകകപ്പിന്റെ ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ടായി ഇത്. നാലിന് 119 റണ്‍സ് എന്ന സ്‌കോറില്‍ കൂട്ടുചേര്‍ന്ന ഷാക്കിബും മുഷ്ഫിഖുറും പിന്നീട് 15.5 ഓവര്‍ നിന്നാണ് ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏക സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മുഷ്ഫിഖറിന്റെ ഇന്നിംഗസ്. ഷാക്കിബ് ആറ് ബൗണ്ടറിയും ഒരു സിക്‌സും ചേര്‍ന്നാണ് 51 പന്തില്‍ നിന്ന് 63 റണ്‍സെടുത്തത്. ഇരുവരും പുറത്തായതോടെ ബംഗ്ലാദേശ് ചീട്ടുകൊട്ടാരമായി.
ബംഗ്ലാദേശ് ബൗളര്‍മാരില്‍ വേറിട്ടു നിന്നത് ഷാപൂര്‍ സാദ്രാനും മിര്‍വൈസ് അഷറഫുമാണ്. മികച്ച ലൈനും ലെങ്തും കണ്ടെത്തി പന്തെറിഞ്ഞ ഷാപുര്‍ ഏഴോവര്‍ എറിഞ്ഞ് ഇരുപത് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.
മിര്‍വൈസ് ഒന്‍പത് ഓവര്‍ എറിഞ്ഞ് 32 റണ്‍ വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റെടുത്തത്. ഹാമിദ് ഹസ്സന്‍, അത്താബ് നബി എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ് അഫ്ഗാനിസ്ഥാന്റെ സാധ്യതകള്‍ അടച്ചത്. ആ തിരിച്ചടിയില്‍ നിന്ന് മുക്തി നേടാന്‍ അഫ്ഗാന് സാധിച്ചില്ല.

---- facebook comment plugin here -----

Latest