കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായ കണ്ണിയംപുറം പാലം അപകടഭീഷണിയില്‍

Posted on: February 18, 2015 10:14 am | Last updated: February 18, 2015 at 10:14 am

ഒറ്റപ്പാലം: കാലപഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായ പാലം അപകടഭീഷണിയില്‍. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയില്‍ നഗരത്തിന് സമീപമുള്ള കണ്ണിയംപുറം പാലമാണ് അപകടാവസ്ഥയിലുള്ളത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. ഇരുവശത്തെയും കൈവരികളുടെ ഉള്ളിലുള്ള കമ്പികള്‍ പോലും തുരുമ്പെടുത്തിരിക്കുന്നു. വലിയവാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന് കുലുക്കം സംഭവിക്കുന്നുണ്ട്.
ഇരുദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒരേ സമയം കടന്നു പോകാന്‍ കഴിയാത്തത് മൂലം പലപ്പോഴും അപകടങ്ങളും പതിവാണ്.
2011 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയായ പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയുടെ പ്രവര്‍ത്തികളില്‍ കണ്ണിയംപുറം പാലവും ഈസ്റ്റ് ഒറ്റപ്പാലം പാലവും ഉള്‍പ്പെട്ടിരുന്നില്ല. റോഡിന്റെ വീതി12 മീറ്ററായി ഉയര്‍ത്തിയപ്പോള്‍ പാലം കുപ്പിക്കഴുത്ത് പോലെയായി. 2012 ജനുവരിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുത്ത അവലോകനയോഗത്തില്‍ പുതിയ പാലത്തെക്കുറിച്ച് ചര്‍ച്ച നടത്തി കെ എസ് ടി പിയെ ചുമതല ഏല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ എസ് ടി പി പാലത്തിന്റെ എസ്‌ററിമേറ്റും ഡിസൈനും തയാറാക്കുകയും 2.67 കോടി രൂപ ചെലവ് വരുമെന്നും കണക്കാക്കിയിരുന്നു. എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ നിര്‍മാണ നടപടികളെങ്ങും എത്തിയിട്ടില്ല.