Connect with us

Palakkad

ജില്ലയില്‍ രണ്ടാം വിള ജലസേചനം നിര്‍ത്തി

Published

|

Last Updated

പാലക്കാട്:” വേനല്‍ക്കാല കുടിവെള്ള വിതരണത്തിനുള്ള ജലം മലമ്പുഴ ഡാമില്‍ കരുതി ജില്ലയില്‍ രണ്ടാം വിള ജലസേചനം നിര്‍ത്തി.
പരാതികള്‍ക്കിടവരുത്താതെയായിരുന്നു രണ്ടാം വിള ജലസേചനം. കൃത്യമായ ജലസേചന ടൈം ടേബിള്‍ തയാറാക്കി കര്‍ഷകരെ മുന്‍കൂട്ടി അറിയിച്ചുള്ള ജലവിതരണം കാരണം ഉണക്കുഭീഷണി ഒഴിവാക്കാനായി. ജലത്തോടൊപ്പം കാലാവസ്ഥയും അനുകൂലമായതോടെ നല്ല വിളവും ലഭിക്കുന്നുണ്ട്. മലമ്പുഴ ഡാമില്‍ നിന്ന് നവംബര്‍ എട്ടിനാണ് ജലസേചനം ആരംഭിച്ചത്. ഇതോടൊപ്പം മംഗലം, പോത്തുണ്ടി ഉള്‍പ്പെടെയുള്ള ഡാമുകളിലും ജലസേചനം ആരംഭിച്ചു.
മലമ്പുഴയില്‍ നിന്ന് ടേണ്‍ അടിസ്ഥാനത്തില്‍ ഇടയ്ക്കു ഇടവേള നല്‍കി ജലവിതരണം നടത്താനാണ് തീരുമാനിച്ചതെങ്കിലും കര്‍ഷകരുടെ ആവശ്യത്തെത്തുടര്‍ന്ന് ഇടവേള ഒഴിവാക്കി തുടര്‍ച്ചയായി വെള്ളം എത്തിച്ചു. ഇതാണ് കര്‍ഷകര്‍ക്കു ഗുണകരമായത്. ജനുവരി 31 ന് ജലസേചനം നിര്‍ത്താനായിരുന്നു ആദ്യം തീരുമാനം. പദ്ധതി ഉപദേശകസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഫെബ്രുവരി 15 വരെ ജലവിതരണം തുടരാന്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും രണ്ടാം വിള കൊയ്ത്തുപരുവത്തിലാണ്. ജലസേചനം നിര്‍ത്തിയതോടെ 15 ദിവസത്തിനകം കൊയ്ത്ത് സജീവമാകും. ഇത്തവണ വേനല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയിലേക്കുള്ള കുടിവെള്ളം കൂടി മലമ്പുഴ ഡാമില്‍ കരുതിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ രണ്ടോ മൂന്നോ തവണ മലമ്പുഴ ഡാം ഭാരതപ്പുഴയിലേക്കു തുറക്കാനാകും.

Latest