Connect with us

Wayanad

കുരങ്ങുപനി: പ്രതിരോധ നടപടികളില്ലാതെ 200 ഓളം ജീവനക്കാര്‍

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങുപനിയും മാന്‍ചെള്ള് രോഗവും മൂലം ആദിവാസികള്‍ മരിച്ച ചീയമ്പം എഴുപത്തിമൂന്ന് ആദിവാസികോളനിയിലും ദേവര്‍ഗദ്ദ പണിയകോളനിയിലും രോഗപ്രതിരോധ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട 200 ഓളം ജീവനക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യ സുരക്ഷിതത്വത്തിനായി നടപടികളില്ല.
പുല്‍പ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍, ദേവര്‍ഗദ്ദയിലേയും എഴുപത്തിമൂന്ന് കോളനിയിലേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, ചീയമ്പം കോളനി ഉള്‍പ്പെടുന്ന ചെതലയം റേഞ്ചിലെ വനംവകുപ്പ് ജീവനക്കാര്‍, വണ്ടിക്കടവ് റേഞ്ചിലെ വനംവകുപ്പ് ജീവനക്കാര്‍, ഈ വനമേഖലയിലെ 50 ഓളം വരുന്ന താത്ക്കാലിക വാച്ചര്‍മാര്‍, പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍ തുടങ്ങിയ ജീവനക്കാരാണ് ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും രോഗപ്രതിരോധ സുരക്ഷിതത്വ നടപടികള്‍ നടത്തികൊടുക്കുമ്പോഴും സ്വന്തമായി പ്രതിരോധ മരുന്നുകളില്ലാതെ വെളിച്ചെണ്ണയെ അഭയം പ്രാപിക്കുന്നത്.
വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചതിനുശേഷവും വനംവകുപ്പിലേയും ആരോഗ്യവകുപ്പിലേയും ജീവനക്കാര്‍ക്കുപോലും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിട്ടില്ല.
വയനാട് വന്യജീവി സങ്കേതത്തിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് പ്രതിരോധ മരുന്നിന്റെ ആദ്യഡോസ് വിതരണം ചെയ്തത്. അതാകട്ടെ നാലുവര്‍ഷം കൊണ്ട് മാത്രമാണ് ഒരു കോഴ്‌സ് പൂര്‍ത്തിയാകുകയുമുള്ളൂ. മനുഷ്യരുടെ ശരീരത്തില്‍ ചെള്ളുകള്‍ കയറുന്നത് തടയാന്‍ ശരീരത്തില്‍ ചിലയിനം ക്രീമുകള്‍ പുരട്ടിയാല്‍ മതിയെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. പുല്‍ത്തൈലം ശരീരത്തില്‍ പുരട്ടിയാലും ചെള്ള് ശരീരത്തില്‍ വരാതിരിക്കുമത്രേ.
എന്നാല്‍ ഇതും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആധികാരികതയോടെയല്ലെങ്കിലും ശരീരത്തില്‍ വെളിച്ചെണ്ണ പുരട്ടി ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ചെള്ളുകള്‍ വിട്ടുപോകുമെന്ന് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുതന്നെ ജീവനക്കാരെ അറിയിച്ചത്. അതിനെത്തുടര്‍ന്നാണ് കാട്ടിലേക്കും ആദിവാസി കോളനിയിലേക്കും പോകുന്ന ജീവനക്കാര്‍ കാലിലും ശരീരത്തും വെളിച്ചെണ്ണ പുരട്ടുന്നതും വൈകുന്നേരം വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നതും. പ്രതിരോധ പ്രവര്‍ത്തികള്‍ നടപ്പാക്കുന്ന ജീവനക്കാര്‍ക്ക് ഒരു തരത്തിലുമുള്ള പ്രതിരോധ മരുന്നുകളും ഈ പ്രദേശങ്ങളില്‍ വിതരണം ചെയ്തിട്ടില്ല.

Latest