Connect with us

Wayanad

ദുരന്തത്തില്‍ വിറങ്ങലിച്ച് വയനാട്: രണ്ട് കുടുംബങ്ങളിലായി പൊലിഞ്ഞത് ആറ് ജീവന്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ദു:ഖദിനമായിരുന്നു ഇന്നലെ ജില്ലക്ക്. ഇന്നലെ പുലര്‍ച്ചെ ചിക്മംഗളൂരുവില്‍ നിന്നെത്തിയ അപകടത്തില്‍ കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചെന്ന വാര്‍ത്തയില്‍ നിന്ന് മോചനമാവുന്നതിന് മുമ്പേ കുപ്പാടിയില്‍ നിന്നെത്തിയ കൂട്ട ആത്മഹത്യ വാര്‍ത്ത കൂടിയായതോടെ ജില്ല യഥാര്‍ഥത്തില്‍ നടുങ്ങി. രണ്ടു കുടുംബങ്ങളില്‍ നിന്നായി ആറ് പേരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. കര്‍ണ്ണാടകയിലെ ചിക്മംഗ്ലുരുവില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ബത്തേരി മലവയല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച നാലു കുടുംബാംഗങ്ങള്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് പാതയോരത്തെ പാറയില്‍ ഇടിച്ചാണ് അപകടം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി വൈകിയാണ് മലവയലിലെ വീട്ടിലെത്തിച്ചത്.തുടര്‍ന്ന് മലവയല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹങ്ങള്‍ ഖബറടക്കി.
വാഹനാപകട വാര്‍ത്തയിലെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ കുപ്പാടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബത്തേരി കുപ്പാടി പുതുച്ചോല കൈപ്പഞ്ചേരിയില്‍ നീലകണ്ഠന്‍ (71)ഭാര്യ തങ്കണമ്മ(63)മകന്‍ സന്തോഷ് (42)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണം കാരണം എന്തെന്ന് വ്യക്തമല്ല.തിങ്കളാഴ്ച്ച സന്തോഷിന്റെ ഭാര്യ ശശികലയും മകള്‍ അനര്‍ഘയും കമ്പളക്കാടുള്ള ശശികലയുടെ വീട്ടില്‍ പോയിരുന്നു.
ഇവര്‍ ചൊവ്വാഴ്ച്ച ഉച്ചയോടുകൂടി തിരിച്ച് എത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാതായതോടെ സംശയം തോന്നിയ ശശികല അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
ഇവരെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വീടിനുള്ളില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ബത്തേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Latest