Connect with us

Palakkad

ഇഷ്ടിക പതിച്ച റോഡില്‍ വാഹനങ്ങള്‍ക്ക് സുഖസഞ്ചാരം

Published

|

Last Updated

കൊപ്പം : പട്ടാമ്പി ടൗണില്‍ ഇനി ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡില്‍ വാഹനങ്ങള്‍ക്ക് സുഖസഞ്ചാരം. ടാറിംഗും മെറ്റലിംഗും തകരുന്നതിനാലാണ് തറയോട് കൂടിയ റോഡ് നിര്‍മിക്കാന്‍ തീരുമാനം. ഓരോ വര്‍ഷവും ടൗണില്‍ റോഡ് അറ്റകുറ്റപ്പണി നടത്തുകയാണ് പതിവ്.
കാലവര്‍ഷം കനക്കുമ്പോള്‍ അത് കുണ്ടും കുഴിയുമയി തകരും. സ്ഥിരമായുണ്ടാകുന്ന റോഡ് തകര്‍ച്ച ഏറെ ജനത്തിരക്കും ഗതാഗതക്കുരുക്കുമുള്ള ടൗണില്‍ വലിയതോതില്‍ അപകടങ്ങള്‍ക്കും യാത്രാദുരിതത്തിനും കാരണമായിരുന്നു.
പട്ടാമ്പി പോലീസ് സ്‌റ്റേഷന്‍, മേലെ പട്ടാമ്പി ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡ്, റെയില്‍വെ കമാനം റോഡ് എന്നിവിടങ്ങളിലാണ് ഇങ്ങിനെ റോഡ് തകരുന്നത്. ഇതിന് പരിഹാരമായാണ് ഇന്റെര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡാക്കാന്‍ അധികൃതരുടെ തീരുമാനം. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന ടൗണില്‍ മൂന്നിടത്ത് ഇന്റെര്‍ ലോക്ക് ഇഷ്ടിക പതിക്കല്‍ പൂര്‍ത്തിയായി.
പോലീസ് സ്‌റ്റേഷനു മുന്‍വശം, എസ്ബിടി റോഡ്, മാര്‍ക്കറ്റ് റോഡ് ജംഗ്ഷന്‍ എന്നവിടിങ്ങളിലാണ് ഇഷ്ടിക വിരിച്ചത്. 12 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലുമാണ് ഇഷ്ടിക പതിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതം നിയന്ത്രിച്ചാണ് പൊതുമരാമത്ത് വകുപ്പ് നവീകരണം നടത്തിയത്. പട്ടാമ്പി പഴയ കമാനത്തിന് താഴെയുളള ഭാഗമാണ് ഇനി നവീകരിക്കാനുള്ളത്.
ഇവിടെ 90 മീറ്ററോളം ഇഷ്ടിക വിരിക്കാനുണ്ട്. മൂന്ന് ദിവസത്തെ പണിക്ക് ശേഷം ഇവിടെയും ഇഷ്ടിക പതിക്കല്‍ പൂര്‍ത്തിയാകും. കമാനം റോഡില്‍കൂടുതല്‍ ദൂരം ഇഷ്ടിക വിരിക്കാനുള്ളതിനാല്‍ രാത്രിയാണ് പണി. രാത്രിയില്‍ വാഹനങ്ങള്‍ മുതുതല-ആമയൂര്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിട്ടാണ് റോഡ്പണി.
കമാനം റോഡിലെ ഇഷ്ടിക വിരിക്കല്‍ കൂടി പൂര്‍ത്തിയായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകുന്നാണ് പ്രതിക്ഷിക്കുന്നത്. ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാലാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് പണി വൈകിയത്. രണ്ടു തവണ ടെണ്ടര്‍ വിളിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കാതിരുന്നതിനാല്‍ മൂന്നാം തവണത്തെ ടെണ്ടറിലാണ് പണി തുടങ്ങാനായത്.

ക്രമക്കേടുകള്‍ കണ്ടെത്തി
പാലക്കാട്:ജില്ലയില്‍ കഴിഞ്ഞ ആഴ്ച ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണവും വൈദ്യുതി ദുരുപയോഗവും ക്രമക്കേടുകളും കണ്ടെത്തി. പാടൂര്‍, പുതുനഗരം, ബിഗ്ബസാര്‍, സുല്‍ത്താന്‍പേട്ട, മരുതറോഡ് എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളിലാണ് പരിശോധന നടത്തിയത്. ഒരു വൈദ്യുതി മോഷണം, അഞ്ചു വൈദ്യുതി ദുരുപയോഗവും ക്രമക്കേടും കണ്ടെത്തി. 5,70,000 രൂപ പിഴയീടാക്കി. വൈദ്യുതി മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ 9446008162, 9446008163 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് എക്‌സി എന്‍ജിനീയര്‍ അറിയിച്ചു.

Latest