Connect with us

Kozhikode

പൊതുസ്ഥലത്ത് പുകവലി വിലക്കിയ സെക്യൂരിറ്റിക്കാരന് ക്രൂരമര്‍ദനം

Published

|

Last Updated

ഫറോക്ക്: പൊതുസ്ഥലത്തെ പുകവലി ചോദ്യം ചെയ്ത സെക്യുരിറ്റി ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദനം. ചെറുവണ്ണൂര്‍ ഫറോക്ക് എല്‍ ഐ സി ബ്രാഞ്ച് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ കക്കോടി പടിഞ്ഞാറ്റുമുറി മാനാട്ട്‌പൊയിലില്‍ എ സുന്ദരന്‍ (61) ആണ് മര്‍ദനമേറ്റത്. ഇരുമ്പു കമ്പി ഉപയോഗിച്ചായിരുന്നു അക്രമം. മര്‍ദനത്തെത്തുടര്‍ന്ന് വലതു കൈയുടെ എല്ല് ഒടിയുകയും തലക്കും കണ്ണിന് സാരമായ പരുക്കേല്‍ക്കുകയും ചെയ്ത സുന്ദരനെ ബേപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. എല്‍ ഐ സി ഓഫീസിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഞ്ചംഗ സംഘം. കെ എല്‍ 65 ബി 562 നമ്പര്‍ കാറിലാണ് സംഘമെത്തിയത്. നാല് പേര്‍ കാറില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് പോകുകയും ഒരാള്‍ എല്‍ ഐ സി ഓഫീസിന് മുകളിലെ കോണിപ്പടിയില്‍ പോയിരിക്കുകയുമായിരുന്നു. അവിടെ നിന്ന് ഇയാള്‍ പുകവലിച്ചതിനെ സുന്ദരന്‍ ചോദ്യം ചെയ്തതോടെ അസഭ്യവിളിക്കുകയും കാറിനടുത്തേക്ക് പോയ യുവാവ് ഇരുമ്പ് വടിയുമായി തിരിച്ചെത്തി സുന്ദരനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ അയാളെയും കാറില്‍ കയറ്റി രക്ഷപ്പെടുകയായിരുന്നു. ഫറോക്കില്‍ നിന്ന് പോലീസെത്തിയാണ് സുന്ദരനെ ആശുപത്രിയിലേക്ക് മാറ്റിയത്. തലയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സ തുടരുന്ന സുന്ദരന് ദാരിദ്യം കൊണ്ടാണ് സെക്യൂരിറ്റി ജോലി ചെയ്യുന്നത്. മൂന്ന് വര്‍ഷം നടക്കാവില്‍ ഒരു കാര്‍ കമ്പനിയില്‍ ജോലി ചെയ്ത ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് എല്‍ ഐ സിയുടെ ഫയല്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ സെക്യൂരിറ്റക്കാരനായി എത്തിയത്. അക്രമി സഞ്ചരിച്ച കാറിന്റെ നമ്പര്‍ പോലീസ് കൈമാറിയിട്ടുണ്ട്. ഫറോക്ക് പോലീസ് സുന്ദരന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.

Latest