Connect with us

Kozhikode

തൂണേരി അക്രമം: അഞ്ച് കേസുകള്‍ കൂടി; ഇന്നലെ രണ്ട് അറസ്റ്റ്

Published

|

Last Updated

നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അരൂരിലെ അമ്പലപറമ്പത്ത് രാഗേഷ് (25), താനക്കോട്ടൂര്‍ ചാത്തോത്ത് താഴ കുനിയില്‍ ബാബു(34)എന്നിവരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തെയ്യമ്പാടി ഇസ്മാഈലിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഇയാളുടെ മാതാവ് തെയ്യമ്പാടി പാത്തു, വരാങ്കിയില്‍ ഇസ്മാഈല്‍, കണിയോട്ടുമ്മല്‍ താഴെകുനി നബീസ, പള്ളിപറമ്പത്ത് സമീറ, കോട്ടേമ്പ്രം കണ്ടിയില്‍കണ്ടി അഫ്‌സത്ത് എന്നിവരുടെ പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം പ്രതി ഇസ്മാഈലിന്റെ വീട് അക്രമികള്‍ പൂര്‍ണമായും തീവെച്ച് നശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും താമസിച്ചതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
അഞ്ച് സംഭവങ്ങളിലായി 75 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീടാക്രമിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 87 ആയി. 42 കേസുകളില്‍ 32 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളാണെന്ന് കണ്ടാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് നാദാപുരം ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍ അിറയിച്ചു. അക്രമത്തില്‍ കൊള്ളയടിക്കപ്പെട്ട മുതലുകള്‍ കണ്ടെടുക്കാനുള്ള അന്വേഷണവും സജീവമാണ്.