ലിബിയയില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഈജിപ്ത്‌

Posted on: February 18, 2015 12:40 am | Last updated: February 18, 2015 at 12:40 am

കൈറോ: ലിബിയയിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അന്താരാഷ്ട്ര സഖ്യം ഇടപെടണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കണമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. ഇതല്ലാതെ മറ്റ് വഴികളില്ലെന്നും ലിബിയന്‍ ജനതയും സര്‍ക്കാറും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തങ്ങള്‍ ലിബിയയില്‍ ഇടപെട്ടതെന്നും ഫ്രാന്‍സിലെ യുറോപ് വണ്‍ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ലിബിയയില്‍ സ്വന്തം നിലയില്‍ വീണ്ടും ഇടപെടല്‍ നടത്തുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ അത് വീണ്ടും ചെയ്യുമെന്നും എല്ലാവരും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും സിസി പറഞ്ഞു. 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ തലയറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം ഇസില്‍ തീവ്രവാദികള്‍ പുറത്തുവിട്ടിരുന്നു. വടക്ക് പടിഞ്ഞാറന്‍ ലിബിയയില്‍ ഇസില്‍ ക്യാമ്പുകള്‍, പരിശീലന സ്ഥലങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ ലക്ഷ്യമിട്ട് തിങ്കളാഴ്ച ഈജിപ്ത് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഡെര്‍നയിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ന്നതിന്റെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത് ആക്രമണത്തെ തീവ്രവാദം എന്ന് വിളിച്ച ലിബിയയിലെ ട്രിപ്പോളിയിലെ നിയമപരമായി സ്ഥാപിച്ച സര്‍ക്കാറിന്റെ തലവന്‍ ഒമര്‍ അല്‍ ഹസി ഈജിപ്ത് സൈനികരെ പാപികളായ അക്രമികള്‍ എന്നും ആക്ഷേപിച്ചു. ഈജിപ്ത് സൈന്യത്തിന്റെ നടപടി ലിബിയയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഹസി പറഞ്ഞു.