Connect with us

Kannur

രണ്ടാംഘട്ട സാക്ഷരതാ പരിപാടി പഞ്ചായത്തുകള്‍ ഒഴിവാക്കി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയ മുഴുവന്‍ പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തുടങ്ങിയ രണ്ടാംഘട്ട സാക്ഷരതാ പദ്ധതിയെ തദ്ദേശ സ്ഥാപനങ്ങള്‍ കൈയൊഴിയുന്നു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ വിജയകരമായി പൂര്‍ത്തിയാക്കേണ്ടിയിരുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ “അതുല്യം” സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയെയാണ് സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തഴഞ്ഞത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ സംസ്ഥാനമാക്കുകയെന്ന സ്വപ്‌നവും ഇല്ലാതായി. ഏറെ കൊട്ടിഘോഷിച്ച് കഴിഞ്ഞ സെപ്തംബറിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. സിനിമാ നടന്‍ ദിലീപായിരുന്നു വിദ്യാഭ്യാസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലെ 15 മുതല്‍ 50 വയസ്സ് വരെയുള്ള, പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത മുഴുവന്‍ പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം. 2015 ഏപ്രിലില്‍ പരിപാടി അവസാനിപ്പിച്ച് പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ലക്ഷ്യമിട്ടിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, സമ്പൂര്‍ണ സാക്ഷരതാ യജ്ഞംപോലെ ബഹുജന ക്യാമ്പയിനായി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദശിച്ചത്.
സര്‍വേ നടത്തി പഠിതാക്കളെ കണ്ടെത്തുക, അവര്‍ക്കുവേണ്ടി സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ തുല്യതാ പാഠാവലിയുടെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുക, അതോടൊപ്പം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തേണ്ടിയിരുന്നത്.എന്നാല്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഒക്‌ടോബറില്‍ നടത്തിയ സര്‍വേ പ്രകാരം രണ്ട് ലക്ഷം പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തിയത്.
ഗുണഭോക്താക്കള്‍ക്ക് വേണ്ട പഠന സംവിധാനം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ഫണ്ട് വകയിരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സാക്ഷരതാ പരിപാടിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഇതിനായുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. നഗരസഭകള്‍ മൂന്ന് ലക്ഷവും കോര്‍പറേഷനുകള്‍ ആറ് ലക്ഷവും ജില്ലാ പഞ്ചായത്ത് 10 ലക്ഷം വീതവും പദ്ധതിക്കായി വകയിരുത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ കേവലം 50 ല്‍ താഴെ തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതിനായി ഫണ്ട് നീക്കിവച്ചത്. ഫണ്ടില്ലാതായതോടെ വിദ്യാഭ്യാസ പദ്ധതി പൂര്‍ണമായും ഒഴിവാക്കപ്പെടുകയായിരുന്നു. കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത മൂലം ഇല്ലാതായത്. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കുകളും മറ്റും വരുന്നതോടെ സാക്ഷരതാ പരിപാടി പൂര്‍ണമായും അവഗണിക്കപ്പെടുകയും ചെയ്യും.
സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന തുല്യതാ പരിപാടിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ള പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു “അതുല്യത്തിന് രൂപം നല്‍കിയിരുന്നത്. 2007 മെയ് ഒന്നിന് പയ്യന്നൂര്‍ നഗരസഭയും 2008 ജനുവരി എട്ടിന് നിലമ്പൂര്‍ ഗ്രാമപഞ്ചായത്തും സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി. 2010 ല്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ “കിരണ്‍”പദ്ധതിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ജില്ല കണ്ണൂരാണ്.
2013ല്‍ “വിജ്ഞാന്‍ജ്യോതി” പദ്ധതിയിലൂടെ കാസര്‍കോട് ജില്ല സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന രണ്ടാമത്തെ ജില്ലയായും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ പദ്ധതികളുടെ വിജയത്തെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലേക്കുമായി അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്ക് സാക്ഷരതാമിഷന്‍ രൂപം നല്‍കിയിരുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി