Connect with us

Ongoing News

പ്രവര്‍ത്തന റിപ്പോര്‍ട്ടിലും 'വിട' പറഞ്ഞ് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ദീര്‍ഘമായ പതിനാറ് വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്റെ വിടവാങ്ങല്‍ കൂടി പ്രതിഫലിക്കുന്നതാണ് സി പി എം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പ്രതിസന്ധികളേയും വെല്ലുവിളികളേയും എങ്ങിനെ നേരിട്ടെന്ന് വരികള്‍ക്കിടയിലൂടെയെല്ലാം റിപ്പോര്‍ട്ടിലൂടെ പറയാന്‍ ശ്രമിക്കുന്നു. വിഭാഗീയത പൂര്‍ണമായി ഇല്ലാതാക്കി സംഘടനാസംവിധാനം കാര്യക്ഷമമാക്കിയെന്ന വികാരമാണ് റിപ്പോര്‍ട്ടിലുടനീളം പങ്കുവെക്കുന്നത്. സംഘടനാരംഗത്ത് നിന്ന് പിണറായി വിജയന് മാന്യമായ ഒരു പടിയിറക്കം ആഗ്രഹിക്കുന്ന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചു. സംസ്ഥാന സമിതിയിലുയര്‍ന്ന നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാനായി കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല.

വിഭാഗീയതക്ക് ആധാരമായി സി പി എം കാണുന്ന വി എസിന്റെ നിലപാടുകള്‍ക്ക് നേരെയുള്ള രൂക്ഷമായ പരാമര്‍ശങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വി എസിനെതിരെ കടുത്ത നടപടി ക്ഷണിച്ച് വരുത്താന്‍ തക്ക പരാമര്‍ശങ്ങള്‍ അടങ്ങിയ പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയും ചെയ്തു. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് വി എസ് നടത്തിയ നീക്കങ്ങളെ പാര്‍ട്ടിക്കുള്ളില്‍ ഒരിക്കല്‍ കൂടി തുറന്ന് കാണിക്കുകയാണ് ഈ നീക്കത്തിന് പിന്നില്‍. ഈ മാസം 20ന് ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് 1998ല്‍ സെക്രട്ടറിയായ പിണറായി വിജയന്‍ പലതവണ പദവി ഒഴിയേണ്ടി വരുമെന്ന് വിലയിരുത്തപ്പെട്ടതാണ്. വി എസ് അച്യുതാനന്ദന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തിലും ലാവ്‌ലിന്‍ കേസ് കൊടുമ്പിരി കൊണ്ട വേളയിലുമെല്ലാം പിണറായി സെക്രട്ടറി പദം ഒഴിയുമെന്ന് വിലയിരുത്തപ്പെട്ടു. വിഭാഗീയത സര്‍വശക്തിയും സമാഹരിച്ച മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്‍ തിരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കപ്പെടുമെന്ന വാര്‍ത്തകള്‍ വന്നു. ലാവ്‌ലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഘട്ടത്തിലും പിണറായിയുടെ സെക്രട്ടറി പദത്തിന് ഇളക്കം തട്ടുമെന്ന് വിലയിരുത്തപ്പെട്ടു. ആ ഘട്ടത്തിലെല്ലാം സംഘടനാ സംവിധാനം പിണറായിയുടെ കൂടെനിന്നു. ദേശീയ നേതൃത്വവും സംസ്ഥാന ഘടകകവും ഒരുമിച്ച് നിന്നാണ് വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിട്ടത്. തിരഞ്ഞെടുപ്പ് നടന്ന മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ പോലും ആരും സന്നദ്ധമാകാത്ത ഈ വര്‍ഷത്തെ ജില്ലാസമ്മേളനങ്ങളെ ചേര്‍ത്തു വെച്ചുകൊണ്ടാണ് വിഭാഗീയതക്ക് അന്ത്യം കുറിച്ചെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ സെക്രട്ടറിയെന്ന നിലയില്‍ പിണറായി വഹിച്ച പങ്ക് പരോക്ഷമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുമുണ്ട്. ലാവ്‌ലിന്‍ കേസ് ഭീഷണി ഒഴിഞ്ഞ ശേഷമുള്ള സമ്മേളനമെന്ന ആശ്വസവും ഇക്കുറി പിണറായി വിജയനുണ്ട്. അഴിമതി കേസില്‍ ഒന്‍പതാം പ്രതിയായി വിചാരണ നേരിട്ടിരുന്ന ഘട്ടത്തിലാണ് മുന്‍ സമ്മേളനങ്ങള്‍. ലാവ്‌ലിന്‍ കേസ് പിണറായിക്കെതിരായ ആയുധമാക്കാന്‍ വി എസിന് ബലം നല്‍കിയതും സി ബി ഐയുടെ കുറ്റപത്രമായിരുന്നു. ഈ കേസില്‍ സി ബി ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിക്കഴിഞ്ഞു. മാത്രമല്ല, പിണറായിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വി എസ് നടത്തിയ നീക്കങ്ങള്‍ കണ്ടെത്തിയ പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചക്ക് എടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയുള്ളതാണ് കരുണാകരന്‍ കമ്മീഷന്‍. പിണറായിക്കെതിരായ നീക്കങ്ങളുടെ ഭാഗമായി ജഡ്ജിമാരേയും ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിനേയും വി എസ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കരുണാകരന്‍ കമ്മീഷന്റെ കണ്ടെത്തല്‍. തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് വി എസ് വിയോജന കുറിപ്പ് നല്‍കിയെങ്കിലും അത് അംഗീകരിക്കപ്പെട്ടതുമില്ല.

Latest