Connect with us

Ongoing News

മുഖ്യപരിഗണന കോടിയേരിക്ക് തന്നെ

Published

|

Last Updated

തിരുവനന്തപുരം: പുതിയ സംസ്ഥാന സെക്രട്ടറി ആരെന്ന കാര്യത്തില്‍ സി പി എമ്മിനുള്ളില്‍ ഔപചാരിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് തന്നെയാണ് പ്രഥമ പരിഗണന. കോടിയേരി സെക്രട്ടറിയാകുന്ന പക്ഷം, ദീര്‍ഘകാലമായി പാര്‍ലിമെന്ററി രംഗത്ത് നിന്ന് സംഘടനാരംഗത്തേക്കുള്ള ചുവടുമാറ്റമാകും ഈ തീരുമാനം. ദീര്‍ഘ നാളായി വി എസ് അച്യുതാനന്ദനാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവെങ്കിലും കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെല്ലാം കോടിയേരിയെ കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് മുഖ്യമന്ത്രി വി എസ് ആയിരുന്നെങ്കിലും ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാനവകുപ്പ് നല്‍കി കോടിയേരിയെ രണ്ടാമനാക്കി നിര്‍ത്തി. ഇപ്പോഴും നിയമസഭയില്‍ പ്രതിപക്ഷപ്രക്ഷോഭങ്ങളെ നിയന്ത്രിക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ.
കേന്ദ്രനേതൃത്തിനും കോടിയേരിയെ സെക്രട്ടറിയാക്കണമെന്ന നിലപാടാണുള്ളത്. ധാരണകളുണ്ടാക്കിയിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിലും കോടിയേരി അല്ലാതെ മറ്റൊരു പേര് ഇതുവരെ ഉയര്‍ന്നിട്ടില്ല. കോടിയേരി തന്നെ വ്യക്തിപരമായൊരെതിര്‍പ്പ് മുന്നോട്ടുവെച്ചാല്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കൂവെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മറ്റൊരു പി ബി അംഗം എം എ ബേബിയാണ്. ഏതെങ്കിലും രീതിയിലുള്ള തര്‍ക്കം ഉടലെടുത്താല്‍ മാത്രമേ ബേബിയെ പരിഗണിക്കൂ. കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജനെ സെക്രട്ടറിയാക്കണമെന്ന താത്പര്യം ഒരു വിഭാഗത്തിനുള്ളതായി സൂചനയുണ്ട്. എം വി ഗോവിന്ദന്‍ മുതല്‍ എളമരം കരീം വരെയുള്ള പേരുകളും സെക്രട്ടറി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നു. സമ്മേളനത്തിന്റെ സമാപന ദിവസമായ 23നാകും പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക.

---- facebook comment plugin here -----

Latest