ഗെയിംസിലൂടെ കേരളം ഒളിമ്പിക് സ്വപ്‌നം യാഥാര്‍ഥ്യമാക്കി: മന്ത്രി

Posted on: February 18, 2015 1:21 am | Last updated: February 18, 2015 at 12:22 am

കൊല്ലം:ദേശീയ ഗെയിംസിലൂടെ കേരളത്തിന്റെ ഒളിമ്പിക്ക് സ്വപ്‌നമാണ് യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊല്ലത്ത് കൊട്ടറ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കൊട്ടറ ഗോപാലകൃഷ്ണന്റെ പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പതിനഞ്ചും ഇരുപതും വര്‍ഷം പരിശീലനം നേടിയിട്ടുള്ള പ്രഗത്ഭരായ സര്‍വ്വീസസ് പോലുള്ള ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചും ഏറ്റവും കൂടുതല്‍ മെഡന്‍ വാരിക്കൂട്ടിയ കേരളത്തെ 2016 ലെ ഒളിമ്പിക്‌സില്‍ അവതരിപ്പിക്കാന്‍ യോഗ്യത നേടിയതിലൂടെ സംസ്ഥാനത്തിന്റെ ചിരകാല സ്വപ്‌നമാണ് പൂവണിഞ്ഞതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കേരളത്തില്‍ എന്തു ചെയ്താലും വിവാദമാകും. മൂന്നരകോടി ജനങ്ങളുടെ ജനറല്‍ബോഡി കൂടിയ ശേഷം എന്തെങ്കിലും നടപടിയോ പൊതു തീരുമാനമോ സ്വീകരിക്കാന്‍ കഴിയില്ല. ഗെയിംസ് ഒരു രാഷ്ട്രീയ മാമാങ്കമല്ല. ജയിച്ചാലും തോറ്റാലും ശരി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ്് കാര്യങ്ങള്‍ നടത്തിയത്. ഗെയിംസ് നടത്താതിരിക്കാന്‍ നമുക്ക് സാധിക്കില്ല. കാരണം ഗെയിംസില്‍ പങ്കെടുപ്പിച്ചാല്‍ മാത്രമെ നമ്മുടെ കുട്ടികളെ 2016ലെ ഒളിമ്പിക്ക് ഗെയിംസില്‍ എത്തിക്കാനാകൂ. നാല് കുട്ടികളാണ് ഒളിമ്പിക്‌സില്‍ ക്വാളിഫൈഡായിട്ടുള്ളത്. ഇത് ചെറിയ കാര്യമല്ല. ഗെയിംസ് നടന്നില്ലെങ്കില്‍ ഈ കുട്ടികളുടെയും കേരളത്തിന്റെയും സ്റ്റാറ്റസ് എന്തായിരിക്കുമെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. എല്ലാം സുതാര്യമായി പോകണം. അതിന് നിയമപരമായ എല്ലാ അന്വേഷങ്ങളും നടത്തണം. സമയ ക്ലിപ്തതക്കുള്ളില്‍ ലോക്കല്‍ ഓഡിറ്റ് നടത്തണം. ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന ഏതുവിധത്തിലുള്ള അന്വേഷണവും നടത്തുന്നതില്‍ നൂറു ശതമാനം തൃപ്തിയുള്ളയാളാണ് താനെന്നും മന്ത്രി വ്യക്തമാക്കി. ഡി സി സി പ്രസിഡന്റ് വി സത്യശീലന്‍ അധ്യക്ഷത വഹിച്ചു. ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, കെ സി രാജന്‍, പത്മലോചനന്‍, അഡ്വ എ ഷാനവാസ്ഖാന്‍, ഡോ. ബി എ രാജാകൃഷ്ണന്‍, അഡ്വ ഇ ഷാനവാസ്ഖാന്‍, പ്രഫ മേരിദാസന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് , എന്‍ ജയചന്ദ്രന്‍ , പ്രൊഫ. പി സോമര്രാജന്‍ പ്രസംഗിച്ചു.