ഉത്സവ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ കവിള്‍ കടിച്ചുകീറി

Posted on: February 18, 2015 2:20 am | Last updated: February 18, 2015 at 12:20 am

മണ്ണഞ്ചേരി: കണിച്ചുകുളങ്ങര ഉത്സവ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ കവിള്‍ ആക്രോശിച്ചെത്തിയ മൂന്നംഗസംഘം കടിച്ചുകീറി.
തിങ്കളാഴ്ച രാത്രി ഉത്സവഡ്യൂട്ടിക്കിടെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിയ കെ എ പി അഞ്ചാം ബറ്റാലിയനിലെ അംഗമായ അഖില്‍രാജ് (27)നെയാണ് അക്രമിസംഘം ക്രൂരമായി മര്‍ദിച്ചശേഷം കവിള്‍കടിച്ച് വികൃതമാക്കിയത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ഫോണ്‍ചെയ്തിരുന്ന അഖില്‍രാജിന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി തറയില്‍ അടിച്ചുടയ്ക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞെത്തിയ മാരാരിക്കുളം പോലീസ് ഉത്സവസ്ഥലത്തുനിന്നുതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 13 ാംവാര്‍ഡ് സ്വദേശികളായ തുഷാരംവീട്ടില്‍ അനൂപ് (25)സുദര്‍ശന്‍ ഭവനത്തില്‍ ദര്‍ശന്‍ (25) ചിറയില്‍ വീട്ടില്‍ അനൂപ് (22) എന്നിവരാണ് പിടിയിലായത്.
ഗുരുതരമായ പരുക്കേറ്റ അഖില്‍രാജിനെ വണ്ടാനം മെഡിക്കല്‍ കോളജിലും തുടര്‍ചികില്‍സക്കും പ്ലാസ്റ്റിക്‌സര്‍ജറിക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.