ജോലി വാഗ്ദാനം: കബളിപ്പിക്കപ്പെടരുതെന്ന്് ടെക്‌നോപാര്‍ക്ക് അധികൃതര്‍

Posted on: February 18, 2015 2:18 am | Last updated: February 18, 2015 at 12:18 am

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനവും നൂറ് ശതമാനം ജോലിവാഗ്ദാനവും നല്‍കി ടെക്‌നോപാര്‍ക്കിലെ ചില കമ്പനികള്‍ നടത്തുന്ന തട്ടിപ്പില്‍ പെടരുതെന്ന് ടെക്‌നോപാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വിശ്വസിച്ച് കമ്പനികള്‍ക്ക് പണം നല്‍കി പരിശീലനത്തിന് പ്രവേശിച്ച പലരും കബളിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയിലും വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവന മേഖലകളിലുമുള്ള കമ്പനികള്‍ മാത്രമേ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
പണം വാങ്ങി പരിശീലനം നല്‍കാന്‍ ടെക്‌നോപാര്‍ക്കുമായുള്ള കരാര്‍ പ്രകാരം ഈ കമ്പനികള്‍ക്ക് അവകാശമില്ല. അതിനാല്‍ അത്തരത്തില്‍ ഏതെങ്കിലും കമ്പനി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അനധികൃതവും അന്യായവുമാണ്. ടെക്‌നോപാര്‍ക്കിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന്റെ പേരില്‍, ടെക്‌നോപാര്‍ക്കിലെ പല കമ്പനികളും തട്ടിപ്പുകാരാണെന്ന ചില തത്പരകക്ഷികളുടെ പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഐ ടി, ഐ ടി അധിഷ്ഠിത സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ടെക്‌നോപാര്‍ക്കിനകത്ത് കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുന്നത്. ഇതല്ലാതെ ഐടിയുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നത് സ്വന്തം കമ്പനിയുടെ ആവശ്യത്തിനു മാത്രമായിരിക്കണം.
ചില കമ്പനികള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പല വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും നൂറു ശതമാനം ജോലി വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടതിനാല്‍ ഈ നിയന്ത്രണം ടെക്‌നോപാര്‍ക്ക് കര്‍ശനമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പുതന്നെ ജോലി, കരാര്‍, ശമ്പളം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അതതു കമ്പനികളില്‍ നിന്നുതന്നെ വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്ന്് ടെക്‌നോപാര്‍ക്ക് അധികൃതര്‍ അറിയിച്ചു.