Connect with us

Ongoing News

മുമ്പേ പറന്ന പക്ഷി

Published

|

Last Updated

കാലത്തിന്റെ ചുമരെഴുത്ത് വായിച്ച് അടിസ്ഥാന സ്വഭാവത്തില്‍ വിട്ടുവീഴ്ച കാണിക്കാതെ നൂതനാശയങ്ങള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത കേരളത്തിലെ പണ്ഡിതവരേണ്യരില്‍ പ്രമുഖരായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. നിറഞ്ഞ പാണ്ഡിത്യവും തെളിഞ്ഞ ചിന്തയും, ആര്‍ജവമുള്ള അദ്ദേഹത്തിന്റെ ചുവടുവെയ്പുകള്‍ക്ക് കരുത്ത് പകര്‍ന്നു. പുറമെ നിന്ന് നോക്കുന്നവര്‍ യാഥാസ്ഥിതികരിലെ യാഥാസ്ഥിതികനായി ഉസ്താദിനെ വിലയിരുത്തിയെങ്കിലും മുമ്പേ നടന്ന പക്ഷിയാണദ്ദേഹമെന്ന് കൂടുതലാരും മനസ്സിലാക്കിയില്ല. കാലത്തിന്റെ കുളമ്പടി ശബ്ദം സശ്രദ്ധം ശ്രവിച്ച് സമൂഹത്തിന് സന്ദേശവും മുന്നറിയിപ്പും താക്കീതും നല്‍കാന്‍ അദ്ദേഹം കാണിച്ച ധൈഷണികമായ സത്യസന്ധതയാണ് സുന്നികളിലെ ഇന്ന് കാണുന്ന പുരോഗമന ചിന്തകള്‍ക്ക് നിദാനമായി വര്‍ത്തിച്ചത്. അതിദ്രുതം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള, ദേശീയ ചുറ്റുപാടുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിന് പകരം, ശക്തവും ഫലപ്രദവുമായ അതിജീവനതന്ത്രം ആവിഷ്‌കരിച്ച് മാറ്റങ്ങളെ നേരിടുക എന്ന ഉത്തരവാദിത്വമാണ് എം എ ഏറ്റെടുത്തത്.
എഴുപതുകളുടെ പ്രതിസന്ധിയില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പുതുതലമുറയെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഗൗരവ ചിന്തയുള്ളവര്‍ ഉത്കണ്ഠാകുലരായപ്പോള്‍ കുത്തൊഴുക്കിന് തടയിടാന്‍ ഒരു ഉപായം എന്ന നിലയില്‍ സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന ആശയത്തെ അദ്ദേഹം പിന്തുണച്ചു. സ്വാതന്ത്ര്യാനന്തര കമ്യൂണിസം ചെറുപ്പക്കാരെ ഭ്രാന്തമായി മാടിവിളിക്കുകയും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് മതമൂല്യങ്ങളെ ചോര്‍ത്തിക്കളയുകയും ചെയ്തപ്പോള്‍ ധര്‍മചിന്തയും സാന്മാര്‍ഗികബോധവും അങ്കുരിപ്പിക്കുന്ന കൂട്ടായ്മകള്‍ വേണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍, സുന്നി യുവജന സംഘം പോലുള്ള വേദികള്‍ക്ക് രൂപം നല്‍കിയതിന് പിന്നില്‍ എം എയുടെ ദീര്‍ഘ ദൃഷ്ടിയുണ്ട്.
വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വ പരിപൂര്‍ണത പ്രാപിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ അപൂര്‍വം പണ്ഡിതന്മാരിലൊരാളാണ് എം എ ഉസ്താദ്. പളളിമൂലയില്‍ ചടഞ്ഞിരിക്കുന്ന വ്യക്തിയെക്കുറിച്ചല്ല, സമൂഹത്തിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനവും ആശയസംവാദവും നടത്തുന്ന കെല്‍പ്പുള്ള തലമുറയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിനെക്കുറിച്ചൊക്കെ അനുഗൃഹീതനായ ആ അധ്യാപകന് സ്ഫടിക സമാനമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രസംഗം, എഴുത്ത്, സംവാദം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പോഷിപ്പിക്കാന്‍ സാഹിത്യസമാജവും, കൈയെഴുത്ത് മാസികയും, വാര്‍ഷികയോഗങ്ങളും അദ്ദേഹം സിലബസിന്റെ ഭാഗമാക്കിയത്. ഏതെങ്കിലും ഒരാഴ്ച സാഹിത്യസമാജം മുടങ്ങിയാല്‍ നമുക്ക് വല്ലതും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അവസരം നല്‍കാതെ ഉസ്താദ് ശക്തമായി ശാസിക്കുമായിരുന്നു.
മുസ്‌ലിംലീഗ് രണ്ടായി പ്രവര്‍ത്തിച്ച ആ കാലഘട്ടത്തില്‍ ചന്ദ്രികയും ലീഗ്‌ടൈംസും ഒരുമിച്ച് ഉസ്താദിന്റെ മേശപ്പുറത്ത് കിടക്കുന്നത് കാണാം. കേരളത്തിലെ രാഷ്ട്രീയ- മതനേതൃത്വത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളെ അംഗീകരിച്ചപ്പോള്‍ തന്നെ, രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ പണ്ഡിതര്‍ കീഴടങ്ങുന്ന ശൈലിയെ എം എ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നാണ് അന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇന്ന് വിലയിരുത്തുമ്പോള്‍ തെളിയുന്നത്. സമസ്തയിലെ പിളര്‍പ്പിന് നിദാനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ മേല്‍നോട്ടം സംബന്ധിച്ച തര്‍ക്കത്തില്‍ എം എക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സുന്നിപ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണം ഒരു വിഭാഗം പണ്ഡിതര്‍ കീറിയ സ്വതന്ത്രമായ കര്‍മസരണിയുടെ ഫലമാണെന്ന് നിസ്സംശയം പറയാം.
ഗുരുസാഗരമാണ് എം എ ഉസ്താദിനെ പോലുള്ളവര്‍. പാണ്ഡിത്യം കെട്ടിനില്‍ക്കുന്ന തടാകമല്ല എന്ന് തെളിയിച്ചതാണ് ഈ പണ്ഡിത തലമുറയുടെ സവിശേഷത. പൂര്‍വീകരുടെ വഴിയിലൂടെ ചലിക്കുമ്പോള്‍ തന്നെ ആധുനികതയെ മുഖാമുഖം നേരിട്ടു. മാറ്റങ്ങള്‍ക്ക് സന്നദ്ധമായെന്ന് മറ്റുള്ളവരെ പറഞ്ഞറിയിക്കാന്‍ മെനക്കെട്ടില്ല. ഒരുവേള നീണ്ട താടിയും തലപ്പാവുമണിഞ്ഞ മുസ്‌ലിയാര് കേരളീയ സമൂഹത്തിന്റെ പരിഹാസ കഥാപാത്രങ്ങളിലൊന്നായിരുന്നു. മഹല്ല് കമ്മിറ്റി പ്രസിഡണ്ടിന്റെ അല്ലെങ്കില്‍ നാട്ടുകാരണവരുടെ ആജ്ഞകള്‍ക്കൊത്ത് ഇസ്‌ലാം കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ട അവസ്ഥയായിരുന്നു അന്ന്. കാലം മാറി. പണ്ഡിതര്‍ അവരുടെ വ്യക്തിത്വവും ഇസ്സത്തും ആഭിജാത്യവും വീണ്ടെടുത്തു. ആരുടെയും വാതില്‍ക്കല്‍ ചെന്നുനില്‍ക്കേണ്ട ഗതികേടില്ലാതായി. ഈ മാറ്റങ്ങളുടെ നായകരില്‍ അഗ്രിമ സ്ഥാനത്ത് എം എയെ നമുക്ക് കാണാം. പാണ്ഡിത്യത്തിന്റെ ഗരിമയും ഭക്തിയുടെ പാരമ്യതയും ഒത്തിണങ്ങിയ ആ ഗുരുസന്നിധിയുടെ മായാത്ത ഓര്‍മകള്‍ വെണ്ണിലാവായി മനസ്സിനെ ദീപ്തമാക്കുന്നു.