നൂറുല്‍ ഉലമ എംഎ ഉസ്താദ് വഫാത്തായി

Posted on: February 17, 2015 10:45 pm | Last updated: February 18, 2015 at 5:23 pm

ma-usthadകാസര്‍ഗോഡ്;സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യുടെ സാരഥിയും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അന്തരിച്ചു. ഇന്നലെ രാത്രി 8.50 ഓടെ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് കാലത്ത് എട്ട് മണിക്ക് തൃക്കരിപ്പൂരില്‍. ഖബറടക്കം പന്ത്രണ്ട് മണിക്ക് ജാമിഅ സഅദിയ്യയില്‍.
അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ കര്‍മവീഥിയില്‍ പ്രവര്‍ത്തിച്ച പണ്ഡിതനായിരുന്നു എം എ ഉസ്താദ്. പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിതകാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു.
1924 ജൂലൈ ഒന്നിന് (റജബ് 29) തിങ്കളാഴ്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് ജനനം. മാതാമഹാന്റെയും അമ്മാവന്റെയും കീഴില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു.
അവിടെ പ്രധാന മുദര്‍രിസായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ പത്ത് വര്‍ഷം പഠിച്ചു. തസവ്വുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എയെ ആത്മീയമായി വളര്‍ത്തി. ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതുരംഗത്ത് കടന്നു വരികയും ചെയ്തു.
1951 ല്‍ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്തുവെച്ച എം എ പീന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മദ്‌റസ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. 1954 സമസ്ത കേരള സുന്നി യുവജന സംഘം രൂപവത്കരണത്തില്‍ പങ്കാളിയായ എം എ, 1982ല്‍ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ പന്ത്രണ്ട് വര്‍ഷം ആ പദവിയില്‍ സേവനം ചെയ്തു. 1989 മുതല്‍ 2013 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായിരുന്നു. 2013ല്‍ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
സമസ്തക്ക് ജില്ലാ കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍ അവിഭക്ത സമസ്തയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പ്പിയായ അദ്ദേഹം ഉത്ഭവം മുതല്‍ സഅദിയ്യയുടെ സാരഥിയാണ്.
ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള അദ്ദേഹത്തിന്റേതായി മലയാളം, അറബി ഭാഷകളിലായി നാല്‍പ്പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മികച്ച സാമൂഹിക സേവനത്തിനുള്ള മുസ്തഫ അവാര്‍ഡ്, ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ് തുടങ്ങിയവ എം എ ഉസ്താദിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ മക്കള്‍: നഫീസ, കുഞ്ഞഹമ്മദ്, ബഫാത്വിമ, അബ്ദുല്‍ വഹാബ്, ജുവൈരിയ്യ. കാസര്‍ക്കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എളമ്പച്ചി, കൈക്കോട്ടുകടവിലാണിപ്പോള്‍ താമസം.