Connect with us

Gulf

ഹ്രസ്വ ചലച്ചിത്രമേള നടത്തി

Published

|

Last Updated

ഷാര്‍ജ: ലെന്‍സ് വ്യൂ ഷാര്‍ജയില്‍ ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. 47 ചിത്രങ്ങളാണ് പ്രദര്‍ശനാനുമതിക്കായി സമര്‍പ്പിക്കപ്പെട്ടത്. തിരഞ്ഞെടുത്ത14 ചിത്രങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. പ്രവാസികളുടെ വേവലാതികളും സാമ്പത്തിക ബാധ്യതകളില്‍ പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങളും ദാരിദ്ര്യവും പട്ടിണിയും പ്രതിഫലിപ്പിച്ച ആശയങ്ങളാണ് മിക്ക ചിത്രങ്ങളുടെയും കാതല്‍.
ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെയും ബാലവേലയുടെ ദുരന്തങ്ങളും സ്ത്രീ പീഡനങ്ങളും പ്രതിഫലിപ്പിച്ച ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ മധുപാല്‍ സ്‌പെഷ്യല്‍ ജൂറിയായിരുന്നു. ഹ്രസ്വ ചിത്രങ്ങളുടെ മേളയില്‍ മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നിവക്കുള്ള പുരസ്‌കാരം “പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍കൂടി” എന്ന ചിത്രം കരസ്ഥമാക്കി.
സലിം റഹ്മാന്‍, ഹര്‍ഷന്‍ അന്ത്രപ്പോലെ മികച്ച സംവിധായകരായി. എ എം മണി (സൂചിയും നൂലും) മികച്ച തിരക്കഥാകൃത്തും രാംരാജ് (ഒബ്‌സഷന്‍) മികച്ച നടനും സിന്ധു വേണുഗോപാല്‍ (ഫീമെയില്‍ ഫോര്‍ സെയില്‍) മികച്ച നടിയും ആണ്. ബില ടോം മാത്യു (സിനിമ: ബാക്കി) മികച്ച ക്യാമറയ്ക്കും ഷൈജു (വാട്ട് ഈസ് സെക്‌സ്) എഡിറ്റിംഗിനും പുരസ്‌കാരം നേടി. രൂപേഷ് തിക്കൊടി, ഇ ടി പ്രകാശ് എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Latest