Connect with us

Gulf

ഗിന്നസ് റെക്കോര്‍ഡ്: സുധീറിന്റെ മാരത്തോണ്‍ സംഗീതത്തിന് തുടക്കമായി

Published

|

Last Updated

അബുദാബി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ മാരത്തോണ്‍ സംഗീത യജ്ഞത്തിന് എറണാകുളം പറവൂര്‍ സ്വദേശി സുധീര്‍ അബുദാബിയില്‍ തുടക്കമിട്ടു. മിനയിലെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ഓഡിറ്റോറിയങ്ങളിലാണ് 1,500 പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള സംഗീത യജ്ഞം നടത്തുന്നത്. എവര്‍ സൈഫ് ഗ്രൂപ്പിന്റെയും സോഷ്യല്‍ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന യജ്ഞം ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ ആനന്ദ് ബര്‍ദന്‍ ഉദ്ഘാടനം ചെയ്തു. രാവും പകലുമായി ഒരു മണിക്കൂറില്‍ അഞ്ച് മിനിട്ട് ഇടവേള നല്‍കി പാടുന്ന സംഗീത യജ്ഞത്തില്‍ 650 പാട്ടുകളാണ് അവതരിപ്പിക്കുക. പാടിയ പാട്ടുകള്‍ ഇടവേള നല്‍കി വീണ്ടും പാടിയാണ് 1,500 പാട്ടുകള്‍ പൂര്‍ത്തിയാക്കുന്നത്. പാടുന്ന പാട്ടുകളില്‍ ഏറെയും യേശുദാസിന്റെ പാട്ടുകളാണ്. നിലവില്‍ 105 മണിക്കൂര്‍ പാട്ട് പാടി മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് ലോകറെക്കോര്‍ഡുള്ളത്.

കുഞ്ഞുനാളിലെ പാട്ടില്‍ ഹരം കണ്ടെത്തിയ സുധീര്‍ മാള മഹോത്സവത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ പാടിയും 2012 ജനുവരി ഒന്നിന് ഒന്നാം മുസരിസ് ഫെസ്റ്റിനോടനുബന്ധിച്ച് പറവൂര്‍ മുന്‍സിപ്പല്‍ പാര്‍ക്കില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പാടിയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു വര്‍ഷത്തിലേറെയായി ലോക റെക്കോര്‍ഡ് എന്ന സ്വപ്‌നവുമായി സുധീര്‍ നടക്കുന്നു. വെല്ലുവിളിയോടെയാണ് യജ്ഞം ഏറ്റെടുത്തതെന്ന് സുധീര്‍ വ്യക്തമാക്കി. ഒരു മണിക്കൂറില്‍ അഞ്ച് മിനിട്ട് വിശ്രമിക്കാം എന്നുള്ളത് കൊണ്ട് തുടര്‍ച്ചയായി പാടിയശേഷം വിശ്രമ സമയം ഉറക്കത്തിനായി ഉപയോഗിക്കാം എന്ന പ്രതീക്ഷയിലാണ് സുധീര്‍, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ പാട്ടുകളാണ് പാടുക.
നാലര ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതയജ്ഞം. 21ന് ഉച്ചയോടെ ഗിന്നസ് കുറിക്കാമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Latest