Connect with us

Gulf

സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

Published

|

Last Updated

അബുദാബി: സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് അധികൃതര്‍ പരിശീലനം നല്‍കി. ഏതാനും മാസം മുമ്പ് ഇന്ത്യക്കാരിയായ ബാലിക ബസില്‍ ശ്വാസം മുട്ടി മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികളാണ് അധികൃതര്‍ നടപ്പാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വയം പരിശോധിക്കാന്‍ പരിശീലനം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ രാജ്യത്തിന്റെ ഭാവി നിര്‍വചിക്കുന്നവരാണെന്ന് പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്ന എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനി ആക്ടിംഗ് തലവന്‍ നമ്മാന്‍ ജമീല്‍ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ എത്ര ദു:ഖകരമായ സംഭവങ്ങളാണ് സ്‌കൂള്‍ ബസുകളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ബസ് ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശരിയായ പരിശീലനം ലഭിക്കാത്തതാണ് മിക്കപ്പോഴും ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്ക് ഇടയാക്കുന്നത്. എല്ലാ അപകടങ്ങളും തടയാന്‍ സാധിക്കില്ലെങ്കിലും അശ്രദ്ധയാല്‍ സംഭവിക്കുന്ന മരണങ്ങള്‍ ഒഴിവാക്കാവുന്നത് തന്നെയാണ്. പതിവായുള്ള പരിശീലനത്തിന് പുറമെ ഓരോ തവണ ട്രിപ് അവസാനിപ്പിക്കുമ്പോഴും ഓരോ സീറ്റുകള്‍ക്കിടയിലും നോക്കി ഏതെങ്കിലും കുട്ടി ഉറങ്ങുന്നുണ്ടോയെന്നും പരിശോധിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും നമ്മാന്‍ ജമീല്‍ വെളിപ്പെടുത്തി.
ഈ വര്‍ഷം പ്രഖ്യാപിച്ച നിയമ ഭേദഗതി പ്രകാരം എല്ലാ ബസ് ഡ്രൈവര്‍മാരും ഇ ഡി സിയുടെ കീഴില്‍ മതിയായ പരിശീലനം നേടിയിരിക്കണം. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച പാഠ്യപദ്ധതിയാണ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണെന്ന് പാഠ്യപദ്ധതി വ്യക്തമായി നിര്‍വചിക്കുന്നുണ്ട്.
എല്ലാ ബസ് ഡ്രൈവര്‍മാരും പരിശീലനത്തിന്റെ ഭാഗമായുള്ള 15 മണിക്കൂര്‍ തിയറി ക്ലാസും ഒമ്പത് മണിക്കൂര്‍ പ്രാക്ടിക്കല്‍ ക്ലാസും നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. ഡ്രൈവറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമായി പരിശീലന പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളുടെ സാങ്കേതിക കാര്യങ്ങള്‍, ബസുകളുടെ പ്രവര്‍ത്തനം, എന്നിവക്കൊപ്പം ഉപഭോക്താക്കളെ മികച്ച രീതിയില്‍ സേവിക്കാനുള്ള വിദഗ്ധ പരിശീലനവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടെന്നും നമ്മാന്‍ പറഞ്ഞു.

Latest